നിർമല സീതാരാമന്‍റെ ഏഴാം ബജറ്റ് ചരിത്രത്തിലേക്ക്

തുടർച്ചയായി ആറു ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോഡ് മറികടക്കും
Nirmala Sitharaman
നിർമല സീതാരാമൻ
Updated on

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിർമല സീതാരാമൻ ചുവടുവയ്ക്കുന്നത് ചരിത്ര നേട്ടങ്ങളിലേക്ക്. തുടർച്ചയായ ഏഴാം ബജറ്റാണ് നിർമല അവതരിപ്പിക്കുന്നത്. തുടർച്ചയായി ആറു ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോഡ് ഇതോടെ അവർ മറികടക്കും.

2019ലാണു നിർമല ധനമന്ത്രിയായി ചുമതലയേറ്റത്. ഈ പദവിയിൽ അഞ്ചു വർഷം പൂർത്തീകരിക്കുന്ന ആദ്യ വനിതയാണ്, അടുത്തമാസം അറുപത്തഞ്ചു തികയുന്ന നിർമല. അഞ്ചു വർഷത്തിനുശേഷവും ധനമന്ത്രി സ്ഥാനത്തു തുടരുന്ന നിർമല കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റടക്കം ആറു ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ചു. 1959 മുതൽ 1964 വരെ ധനമന്ത്രിയായിരുന്ന ദേശായി തുടർച്ചയായി അഞ്ചു പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് അവതരിപ്പിച്ചത്.

ബജറ്റുമായി ബന്ധപ്പെട്ട് നിരവധി കൗതുകങ്ങളുണ്ട്. അവ ഇങ്ങനെ:

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കേന്ദ്ര ബജറ്റ് 1947 നവംബർ 26നായിരുന്നു. ആദ്യ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയാണ് അവതരിപ്പിച്ചത്.

  • ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിനുള്ള റെക്കോഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക്. പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനും ലാൽ ബഹദൂർ ശാസ്ത്രിക്കും കീഴിൽ ധനമന്ത്രിയായിരുന്ന അദ്ദേഹം 10 ബജറ്റുകൾ അവതരിപ്പിച്ചു. ഇതിൽ ആറെണ്ണം തുടർച്ചയായ വർഷങ്ങളിൽ.

  • രണ്ടാം സ്ഥാനത്ത് മുൻ ധനമന്ത്രി പി.ചിദംബരം. 9 ബജറ്റുകൾ അവതരിപ്പിച്ചു.

  • ധനമന്ത്രിയായി എട്ടു ബജറ്റുകൾ അവതരിപ്പിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയാണു മൂന്നാം സ്ഥാനത്ത്.

  • രാജ്യത്തിന്‍റെ സാമ്പത്തികമേഖലയെ അഴിച്ചുപണിത മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അവതരിപ്പിച്ചത് അഞ്ചു ബജറ്റുകൾ.

  • ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം ഇപ്പോഴത്തെ ധനമന്ത്രി നിർമല സീതാരാമന്‍റേത്. 2020 ഫെബ്രുവരി ഒന്നിനു നടത്തിയ പ്രസംഗം നീണ്ടത് രണ്ടു മണിക്കൂർ 40 മിനിറ്റ്. അപ്പോഴും രണ്ടു പേജ് വായിക്കാതെ വിട്ടിരുന്നു.

  • ഏറ്റവും ഹ്രസ്വമായ പ്രസംഗം 1977ൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ഹിരുഭായി മുൽജി ഭായി പട്ടേലിന്‍റേത്. വെറും 800 വാക്കുകൾ.

  • ബ്രിട്ടിഷ് കാലത്തെ രീതി പിന്തുടർന്ന് ഫെബ്രുവരിയിലെ അവസാന ദിവസം വൈകിട്ട് അഞ്ചിനായിരുന്നു ഇന്ത്യയിൽ മുൻപ് ബജറ്റ് അവതരണം. 1999ൽ എ.ബി. വാജ്പേയിയുടെ എൻഡിഎ സർക്കാർ ഈ പതിവ് മാറ്റി. അന്നു ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ രാവിലെ 11ന് ബജറ്റ് അവതരിപ്പിച്ചു.

  • 2017ൽ നരേന്ദ്ര മോദിയുടെ എൻഡിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി അവതരണത്തീയതി ഫെബ്രുവരി ഒന്നിവേക്കു മാറ്റി. ഇതുവഴി ബജറ്റ് നടപടിക്രമങ്ങൾ മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനും ബജറ്റ് നിർദേശങ്ങൾ പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാക്കാനും എളുപ്പമായി. നേരത്തേ, പാർലമെന്‍ററി നടപടിക്രമങ്ങൾ പൂർത്തിയാക്കി ബജറ്റ് പ്രാബല്യത്തിലാക്കാൻ മേയ്- ജൂൺ വരെ വേണ്ടിയിരുന്നു.

Trending

No stories found.

Latest News

No stories found.