പറ്റ്ന: പതിനെട്ടു മാസം നീണ്ട ആർജെഡി, കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇന്ന് എൻഡിഎയിലേക്കു മടങ്ങിയേക്കും. ഇന്നു രാവിലെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണു ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിയും ജെഡിയുവും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലും ധാരണയായെന്നു റിപ്പോർട്ടുകൾ.
ബിഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷിനെ പിന്തുണയ്ക്കുന്ന കത്തിൽ ഒപ്പുവച്ചു. 2022 ഓഗസ്റ്റിലാണ് ബിജെപിയോടു പിണങ്ങി നിതീഷ് ആർജെഡിക്കൊപ്പം ചേർന്നത്. പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലിലാണു നിതീഷിന്റെ മടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടാണ് അദ്ദേഹം സഖ്യകാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയാണു നിതീഷിന്റെ ചുവടുമാറ്റം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്താനിരിക്കെയാണു പ്രധാന ഘടകകക്ഷികളിലൊന്ന് കളംമാറ്റുന്നത്.
ഇന്ന് ഉച്ചയ്ക്കു തന്റെ വസതിയിൽ ജെഡിയു, ബിജെപി എംഎൽഎമാർക്കായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം ഇരുപാർട്ടികളുടെയും എംഎൽഎമാർ ചേർന്നു ഗവർണറെ കാണും. നിലവിലുള്ള മന്ത്രിസഭയിലെ ആർജെഡി മന്ത്രിമാർക്കു പകരം ബിജെപി എംഎൽഎമാരെ നിയോഗിക്കും. ബിജെപി നേതാവ് സുശീൽകുമാർ മോദിയാകും ഉപമുഖ്യമന്ത്രിയെന്നാണു കരുതുന്നത്. മുൻപും നിതീഷിനൊപ്പം ഉപമുഖ്യമന്ത്രിയായിരുന്നു സുശീൽ മോദി. 2025ലാണു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനുശേഷം കേന്ദ്രത്തിൽ നിതീഷിന് സുപ്രധാന ചുമതല നൽകാനും ധാരണയുണ്ട്.
2013ൽ എൻഡിഎ വിട്ട നിതീഷ് 2017ൽ മടങ്ഹിയെത്തിയിരുന്നു. 2022ൽ വീണ്ടും എൻഡിഎ വിട്ടു. കഴിഞ്ഞ 13ലെ "ഇന്ത്യ' യോഗത്തിൽ കൺവീനറായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിതീഷിന്റെ പേര് നിർദേശിച്ചിരുന്നു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുൾപ്പെടെ ഭൂരിപക്ഷം നേതാക്കളും ഇതിനോട് യോജിച്ചു. എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിർപ്പുണ്ടെന്നും തത്കാലം തീരുമാനം വേണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഇതോടെയാണ് നിതീഷ് പ്രതിപക്ഷ സഖ്യത്തിൽ നിന്ന് അകന്നതെന്നാണ് കരുതുന്നത്.