ന്യൂഡൽഹി: 'ഇന്ത്യ' സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ പ്രഖ്യാപിച്ചതാണ് ജെഡിയു നേതാവ് നിതീഷ് കുമാർ പ്രതിപക്ഷ മുന്നണി വിടാൻ കാരണമെന്ന് സൂചന.
സംയുക്ത പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്വയം അവരോധിക്കാനാണ് നിതീഷ് ആഗ്രഹിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനിടെയാണ് കോൺഗ്രസ് അധ്യക്ഷനായ ഖാർഗെ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥി എന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പ്രഖ്യാപനം വരുന്നത്.
മമത ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത് ഗൂഢാലോചനയാണെന്നാണ് ജെഡിയു നേതാവ് കെ.സി. ത്യാഗി ഞായറാഴ്ച പ്രതികരിച്ചത്. ഇതോടെയാണ് ബിഹാറിൽ ആർജെഡി സഖ്യം വിട്ട് ബിജെപിയുമായി കൂട്ടുകൂടി പുതിയ മന്ത്രിസഭ രൂപീകരിക്കാൻ നിതീഷിനെ പ്രേരിപ്പിച്ചതിനുള്ള യഥാർഥ കാരണം പുറത്തുവരുന്നത്.
ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വം തട്ടിയെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നിൽ അതാണെന്നും ത്യാഗി ആരോപിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും പ്രഖ്യാപിക്കാതെ മുന്നണിയിലെ ഘടകകക്ഷികൾ ഒരുമിച്ചു പ്രവർത്തിക്കും എന്ന ധാരണയുടെ ലംഘനമായിരുന്നു ഇതെന്നും ത്യാഗി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം എത്രയും പെട്ടെന്ന് നടത്തണമെന്ന തങ്ങളുടെ ആവശ്യം അവഗണിച്ച് കോൺഗ്രസ് ഇത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും ത്യാഗി പറയുന്നു.