ന്യൂഡൽഹി: അഴിമതിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രബല്യം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റേതാണ് നിർണായക വിധി.
അഴിമതി കേസിൽ ജോയന്‍റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ കേന്ദ്രത്തിന്‍റെ അനുമതി വേണമെന്ന ഡൽഹി പൊലീസ് ആക്‌ടിലെ വകുപ്പ് 2014 മെയിൽ സുപ്രീംകോടതി എടുത്ത് കളഞ്ഞിരുന്നു.
ഇതിന്‍റെ മുന്‍കാല പ്രാബല്യം സംബന്ധിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. വിധിക്കു മുന്‍പ് നടന്ന അറസ്റ്റുകൾ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി വീണ്ടും പരിശോധന നടത്തിയത്. വിധിക്ക് മുന്‍കൂർ പ്രാബല്യമുണ്ടെന്ന് കോടതി ഇതോടെ ഉത്തരവിട്ടു. വിധി വരുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്‍റെ അനുമതി ഇല്ലാതെ നടന്ന അറസ്റ്റുകൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.