ന്യൂഡൽഹി: ഓഹരി വില കൃത്രിമമായി ഉയർത്തിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരേ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) നടത്തുന്ന പരിശോധന പൂർത്തിയാക്കാൻ മൂന്നു മാസം അനുവദിച്ച കോടതി അന്വേഷണം കൈമാറാൻ മതിയായ കാരണങ്ങളില്ലെന്നു വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് അദാനി ഗ്രൂപ്പിന് ആശ്വാസം നൽകുന്ന വിധി. സത്യം വിജയിച്ചെന്നാണ് ഗൗതം അദാനിയുടെ പ്രതികരണം. വിധിക്കു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കുതിപ്പുണ്ടായി.
കേസിലെ വസ്തുതകൾ അന്വേഷണം സെബിയിൽ നിന്നു മാറ്റാൻ ആവശ്യപ്പെടുന്നില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരേ 24 വിഷയങ്ങളാണുയർത്തിയത്. 22 വിഷയങ്ങളിൽ പരിശോധന പൂർത്തിയായി. അവശേഷിക്കുന്ന രണ്ടു വിഷയങ്ങളിൽ അന്വേഷണം പൂർത്തിയാക്കാനാണ് മൂന്നു മാസമെന്നു സോളിസിറ്റർ ജനറൽ അറിയിച്ചിട്ടുണ്ട്. ഒരു ഹർജിക്കാരൻ സമർപ്പിച്ച "ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്റ്റ്' പോലുള്ള റിപ്പോർട്ടിന് വിശ്വാസ്യതയില്ലെന്നും ഇവയൊന്നും തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ്. അങ്ങനെയങ്കില്‍ നിയമം അനുസരിച്ച് നടപടിയെടുക്കാനും സെബിയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകരായ വിശാല്‍ തിവാരി, എംഎല് ശര്‍മ, കോണ്‍ഗ്രസ് നേതാക്കളായ ജയ ഠാക്കൂര്‍, അനാമിക ജയ്സ്വാള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ആരോപണത്തിൽ എസ്ഐടി, സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുവെന്നും ഹര്‍ജിക്കാർ ആരോപിച്ചു. എന്നാൽ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതയായി കണക്കാക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു.