ഒഡീഷ: 78-ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. കട്ടക്കിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് നല്‍കിയിരിക്കുന്നത്. ഉടനടി പ്രാബല്യത്തിൽ വരുന്ന നയം, സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ആര്‍ത്തവ കാലയളവില്‍ ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം അവധിയെടുക്കാമെന്നുള്ള പ്രഖ്യാപനമാണ് ഒഡീഷ സര്‍ക്കാര്‍ നടത്തിയത്.
ഇതോടെ വനിതകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറുകയാണ് ഒഡീഷ. നിലവില്‍ ബിഹാറിലും, കേരളത്തിലുമാണ് ആര്‍ത്തവാവധി നല്‍കുന്നത്. 1992 മുതല്‍ ബിഹാറില്‍ എല്ലാ മാസവും 2 ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷം 2023-ലാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ആര്‍ത്താവ അവധിയും 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധിയും കേരളം നീട്ടി നല്‍കിയത്.
അതേസമയം, സൊമാറ്റോ പോലുള്ള ഇന്ത്യയിലെ ചില സ്വകാര്യ കമ്പനികളും ആർത്തവ അവധി നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്, 2020 മുതൽ സൊമാറ്റോ പ്രതിവർഷം 10 ദിവസത്തെ പെയ്ഡ് പിരീഡ് ലീവ് വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെ ആർത്തവ അവധിക്കുള്ള അവകാശം, ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങളിലേക്കുള്ള സൗജന്യ ലഭ്യത ബിൽ, 2022 പ്രകാരം, ആർത്തവസമയത്ത് സ്ത്രീകൾക്കും ട്രാൻസ്‌വുമൺകൾക്കും ശമ്പളത്തോടുകൂടിയ 3 ദിവസത്തെ അവധി നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ഈ ബിൽ ഇതുവരെ നിയമമാക്കിയിട്ടില്ല. ആര്‍ത്തവാനുകൂല്യ ബിൽ 2017, ലൈംഗിക, പ്രത്യുല്‍പ്പാദന ബിൽ 2018, ആര്‍ത്താവവകാശ ബില്ല് എന്നീ ബില്ലുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇതും നടപ്പിലായിരുന്നില്ല.