പറ്റ്നയിൽ നിതീഷിന്‍റെ പ്രതിപക്ഷ യോഗം: രാഹുൽ, മമത, കെജ്‌രിവാൾ പങ്കെടുക്കും

ഖാർഗെ, യെച്ചൂരി, സ്റ്റാലിൻ, താക്കറെ, പവാർ തുടങ്ങിയ നേതാക്കളും പങ്കെടുക്കുമെന്ന് തേജസ്വി യാദവ്
പറ്റ്നയിൽ നിതീഷിന്‍റെ പ്രതിപക്ഷ യോഗം: രാഹുൽ, മമത, കെജ്‌രിവാൾ പങ്കെടുക്കും
Updated on

പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂൺ 23ന് പറ്റ്നയിൽ വിളിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കോൺഗ്രസിനെ പ്രതിനിധീകരിക്കും.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും, ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖർ.

ജെഡിയു ദേശീയ പ്രസിഡന്‍റ് ലല്ലൻ സിങ്ങും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമാണ് യോഗത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം.

ജൂൺ 12നു യോഗം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, തങ്ങളുമായി ആലോചിക്കാതെയാണ് തീയതി നിശ്ചയിച്ചതെന്നു കോൺഗ്രസ് പരാതിപ്പെട്ടതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, മഹാരാഷ്‌ട്ര മുൻമുഖ്യമന്ത്രിയും ശിവസേന (യുബിടി) അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻസിപി മേധാവി ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, സിപിഐ-എംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാനിടയുള്ള മറ്റു നേതാക്കൾ.

ബിഹാറിൽ ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് രൂപീകരിച്ച മഹാഗഠ്ബന്ധന്‍റെ മാതൃകയിൽ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കാനാണ് ശ്രമമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. 450 ലോക്‌സഭാ സീറ്റുകളിൽ ബിജെപിയെ പ്രതിപക്ഷ ഐക്യത്തിന്‍റെ സ്ഥാനാർഥികൾ നേർക്കുനേർ നേരിടണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും തേജസ്വി.

Trending

No stories found.

Latest News

No stories found.