ഒഡീശ ട്രെയിൻ അപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ബന്ധുക്കൾക്കു നൽകിയ മൃതദേഹം മാറിപ്പോയെന്ന് ആരോപണം
ഒഡീശ ട്രെയിൻ അപകടം:  മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
Updated on

ഭുവനേശ്വർ: ഒഡീശയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ ഡിഎൻഎ സാംപിൾ ശേഖരണം ആരംഭിച്ചു. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ദീർഘകാലം സൂക്ഷിക്കാവുന്ന അഞ്ച് കണ്ടെയ്നറുകളിലേക്ക് മാറ്റുമെന്ന് ഭൂവനേശ്വർ എയിംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡിഎൻഎ സാംപിൾ ശേഖരിച്ചതിനു ശേഷം ആറു മാസം വരെ മൃതദേഹങ്ങൾ കേടുപാടു കൂടാതെ സൂക്ഷിക്കാനാണ് നിലവിലുള്ള തീരുമാനം. 278 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 177 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 101 മൃതദഹങ്ങൾ തിരിച്ചറിയപ്പെട്ടിട്ടില്ല. എയിംസിൽ 123 മൃതദേഹങ്ങളാണുണ്ടായിരുന്നത്. ഇതിൽ 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

അതേ സമയം മൃതദേഹം തെറ്റി കൈമാറ്റം ചെയ്തുവെന്ന ആരോപണവും ശക്തമാണ്. ഉപേന്ദ്ര കുമാർ ശർമ എന്നയാളുടെ ബന്ധുക്കളാണ് ആരോപണമുന്നയിക്കുന്നത്. തിങ്കളാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച എത്തിയപ്പോഴേക്കും ഉപേന്ദ്ര കുമാറിന്‍റെ ദേഹം മറ്റാർക്കോ വിട്ടു നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ദേഹത്ത് പച്ച കുത്തിയത് കണ്ടെത്തിയതിനെത്തുടർന്നാണ് മരിച്ചത് ഉപേന്ദ്ര കുമാറാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചത്. എന്നാൽ ഒരേ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് ഒന്നിലധികം കുടുംബങ്ങൾ എത്തിയിരുന്നുവെന്നും അതിനാൽ‌ ഡിഎൻഎ സാംപിൾ ശേഖരിച്ച് വിശദമായ അന്വേഷണത്തിനു ശേഷമാണ് മൃതദേഹം കൈമാറിയതെന്നാണ് എയിംസ് ഡപ്യൂട്ടി സൂപ്രണ്ടന്‍റ് ഡോ. പ്രവാസ് തൃപാതി പറയുന്നത്. ഡിഎൻഎ ഫലം പുറത്തു വരാൻ 10 ദിവസങ്ങൾ വരെയെടുക്കും.

പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ആന്ധ്ര പ്രദേശ്, തമിഴ് നാട് , ഒഡീശ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. സിബിഐ, സിആർഎസ്, ജിആർപി സംഘങ്ങൾ അന്വേഷണം തുടരുകയാണ്.

ഒഡീശ ട്രെയിൻ അപകടം:  മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
ട്രെയിൻ ദുരന്തം: ഇനിയും തിരിച്ചറിയാനാവാതെ 101 മൃതദേഹങ്ങൾ

Trending

No stories found.

Latest News

No stories found.