ന്യൂഡൽഹി: താൻ ഹിന്ദുമതം സ്വീകരിച്ചെന്നും ഇന്ത്യയിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാമുകനെത്തേടി ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതി സീമ ഹൈദർ. പാക്കിസ്ഥാനിലേക്കു തിരിച്ചയയ്ക്കുന്നതു തന്റെ ജീവനു ഭീഷണിയാണെന്നും അവർ പറഞ്ഞു. കോടതിയിൽ നിന്നു ജാമ്യം ലഭിച്ചശേഷം കാമുകൻ സച്ചിൻ മീണയ്ക്കൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സീമ.
കഴിഞ്ഞ നാലിനു ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അനധികൃതമായി രാജ്യത്തു തങ്ങിയ സീമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് അഭയം നൽകിയതിന് കാമുകൻ സച്ചിനും അച്ഛൻ നേത്രപാലും അറസ്റ്റിലായിരുന്നു.
പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ സീമ, പാക് പൗരനും ആദ്യ ഭർത്താവുമായ ഗുലാം ഹൈദറുമായുള്ള ബന്ധത്തിലെ നാലു കുട്ടികൾക്കൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടികളെ തനിക്കു നൽകണമെന്നു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗുലാം ഹൈദർ സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണ് ഇനി പാക്കിസ്ഥാനിലേക്കു മടങ്ങാൻ ആഗ്രഹമില്ലെന്ന സീമയുടെ പ്രസ്താവന. കേസ് തീരും വരെ ഇന്ത്യയിൽ തുടരാൻ സീമയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
2014ൽ വിവാഹത്തെത്തുടർന്നു കറാച്ചിയിലേക്കു താമസം മാറ്റിയ സീമ, ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞാണു താമസം. കൊവിഡ് 19 ലോക്ഡൗണിൽ ഓൺലൈൻ ഗെയിമായ പബ്ജി വഴിയാണ് മുപ്പതുകാരിയായ അവർ യുപി സ്വദേശിയും ഇരുപത്തഞ്ചുകാരനുമായ സച്ചിനെ പരിചയപ്പെട്ടത്. ഈ അടുപ്പം പ്രണയമായതോടെ കറാച്ചിയിലെ വസ്തു വിറ്റു കിട്ടിയ 12000 പാക്കിസ്ഥാനി രൂപ നൽകി ആദ്യം ദുബായിയിലേക്കും അവിടെ നിന്നു കാഠ്മണ്ഡുവിലേക്കും വിമാന ടിക്കറ്റെടുക്കുകയായിരുന്നു. കുട്ടികളുമായി നേപ്പാൾ തലസ്ഥാനത്തെത്തിയ സീമയെ കാണാൻ സച്ചിനും അവിടെയെത്തി. ഇവിടെവച്ച് താനും സച്ചിനും വിവാഹിതരായെന്നും തുടർന്നാണ് ഇന്ത്യയിലേക്കു വന്നതെന്നും സീമ പറയുന്നു.