ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 29ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനുശേഷമാകും സഭ ബിൽ പരിഗണിക്കുന്നത്. ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികമായ നാളെ ഭരണഘടനാ ദിനം ആചരിക്കും. ഇതിന്‍റെ ഭാഗമായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും.
മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും 13 സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വന്നതിനു പിന്നാലെയാണു സമ്മേളനം. അദാനി ഗ്രൂപ്പിനെതിരേ യുഎസ് ഏജൻസിയുടെ അഴിമതിക്കേസും മണിപ്പുർ കലാപവുമുൾപ്പെടെ ഉന്നയിച്ചു സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ തീരുമാനം. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളും ജയിലിൽ പാർപ്പിച്ചിട്ടും ഝാർഖണ്ഡിൽ എൻഡിഎയ്ക്കുണ്ടായ തിരിച്ചടിയും പ്രതിപക്ഷം ആയുധമാക്കും. എന്നാൽ, ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വൻ വിജയമാണ് ബിജെപിക്കും ഭരണപക്ഷത്തിനും ഊർജം.
അഞ്ചു ബില്ലുകളാണ് ഈ സമ്മേളനത്തിൽ പുതുതായി അവതരിപ്പിക്കുക. ചർച്ചയ്ക്കെടുത്തു പാസാക്കാനുള്ള 11 ബില്ലുകളുടെ പട്ടികയിലാണ് ഏറെ വിവാദമുയർത്തിയ വഖഫ് ഭേദഗതി ബിൽ. എന്തു സംഭവിച്ചാലും ഈ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയുൾപ്പെടെ പിന്നീട് മൗനം പാലിക്കുകയായിരുന്നു. ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാലു സീറ്റുകളും എൻഡിഎ വിജയിച്ച സാഹചര്യത്തിൽ പാസ്വാന്‍റെ ഭാഗത്തു നിന്ന് എതിർപ്പുണ്ടാവില്ലെന്നാണു കരുതുന്നത്. ലോക്സഭയിലും രാജ്യസഭയിലും എൻഡിഎയ്ക്കു ഭൂരിപക്ഷമുള്ളതും സർക്കാരിന് ആത്മവിശ്വാസം നൽകുന്നു.
സഭാ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. സഭയുടെ സുഗമമായ പ്രവർത്തനത്തിനു പ്രതിപക്ഷത്തിന്‍റെ സഹകരണം തേടിയെന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. അദാനി വിഷയം വെറും വിവാദമായി തള്ളരുതെന്നും നിക്ഷേപകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള ആശങ്ക പരിഗണിച്ച് സഭയിൽ ചർച്ച ചെയ്യണമെന്നും ലോക്സഭയിലെ കോൺഗ്രസ് ഉപാധ്യക്ഷൻ ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.