ന്യൂഡൽഹി: പശ്ചിമേഷ്യയ്ക്കു മുകളിൽ യാത്രാവിമാനങ്ങൾക്ക് പതിവായി സിഗ്നൽ നഷ്ടമാകുന്നതിൽ ആശങ്ക അറിയിച്ച് സിവിൽ വ്യോമയാന ഡയറക്റ്ററേറ്റ് (ഡിജിസിഎ). കൂടുതൽ ജാഗ്രതപാലിക്കണമെന്നു രാജ്യത്തെ വ്യോമയാനക്കമ്പനികൾക്ക് ഡിജിസിഎ മുന്നറിയിപ്പു നൽകി. സുരക്ഷാമുൻകരുതലിന്‍റെ ഭാഗമാണ് ഡിജിസിഎയുടെ ഇടപെടൽ.
പശ്ചിമേഷ്യയ്ക്കു മുകളിൽ വിമാനങ്ങളുടെ ഗതി നിയന്ത്രണത്തിനുള്ള ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റ (ജിഎൻഎസ്എസ്)ത്തിന്‍റെ പ്രവർത്തനം സ്തംഭിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബംറിൽ വാണിജ്യ വിമാനങ്ങൾ ഇറാന് സമീപത്ത് എത്തിയതോടെ ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു വിമാനം അനുമതിയില്ലാതെ ഇറാന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനും ഇടയായി. സിഗ്നൽ നഷ്ടപ്പെടുന്നതിനു സ്പൂഫിങ് ആണോ എന്നും സംശയമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ പൈലറ്റുമാരുടെ സംഘടനയും, വിമാനക്കമ്പനികളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് വടക്കൻ ഇറാഖിനും അസർബൈജാനിലെ ഇർബിലിനും ഇടയിലെത്തുമ്പോൾ വിമാനങ്ങൾക്ക് തുടക്കത്തിൽ ഒരു കൃത്രിമ ജിപിഎസ് സിഗ്നൽ ലഭിക്കും. ഈ സിഗ്നൽ സംവിധാനം വിമാനത്തിന്‍റെ ഇനേർഷ്യൽ റഫറൻസ് സിസ്റ്റത്തെ കബളിപ്പിക്കുകയും നാവിഗേഷൻ സംവിധാനത്തെ താറുമാറാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ആരാണ് ഇതിന് പിന്നിലെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഘർഷമേഖലയായ ഇവിടെ ഇലക്‌ട്രോണിക് സൈനിക സംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്നതിനാൽ ജാമിങ്ങും സ്പൂഫിങ്ങും സംഭവിക്കാമെന്നാണ് കരുതുന്നത്.