ഡൽഹി: പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഇടക്കാലജാമ്യം വീണ്ടും നീട്ടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ജെ. ബി. പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് പതിനേഴു വരെയാണു ജാമ്യം നീട്ടിയത്.
ഫെബ്രുവരി 23-നാണു പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പിന്നീട് മാർച്ച് 3-ന് കേസ് പരിഗണിക്കുന്നതുവരെ ഇടക്കാല ജാമ്യം പ്രാബല്യത്തിലുണ്ടാവുമെന്നു വ്യക്തമാക്കി. എന്നാലിന്നു സമയം ലഭിക്കാഞ്ഞതിനാൽ മാർച്ച് പതിനേഴിലേക്ക് കേസ് നീട്ടുകയായിരുന്നു.
മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പവൻ ഖേരയുടെ പ്രധാനമന്ത്രിക്കെതിരായ പരാമർശം. തുടർന്നു കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പൂരിലേക്കു പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ പവൻ ഖേരയെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും, പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.