കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി

പെട്രോൾ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വർധിക്കും
Petrol and diesel prices hiked in Karnataka
കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി
Updated on

ബംഗളൂർ: കർണാടക സർക്കാർ ഇന്ധന വിൽപ്പന നികുതി വർധിപ്പിച്ചു. പെട്രോളിന്‍റെ വിൽപ്പന നികുതി 3.92 ശതമാനം വർധിപ്പിച്ച് 25.92ൽ നിന്ന് 29.84 ശതമാനമായി ഉയർത്തി. ഡീസൽ നികുതി 14.34ൽ നിന്ന് 18.44 ശതമാനമാക്കി. 4.1 ശതമാനമാണ് വർധന. ഇതോടെ പെട്രോൾ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തിന്‍റെ വരുമാനവും ധനസ്ഥിതിയും അവലോകനം ചെയ്യുന്നതിന് യോഗം വിളിച്ചതിന് പിന്നാലെയാണ് വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള നീക്കം. വിഭവസമാഹരണം 2,500 മുതൽ 2,800 കോടി രൂപ വരെ ഈ സാമ്പത്തിക വർഷം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.എന്നാൽ പെട്രോള്‍ വില വര്‍ദ്ധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വില വര്‍ദ്ധനവ് നേരിട്ടും അല്ലാതെയും മലയാളികളേയും ബാധിക്കും. കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന് ചെലവേറുന്നതോടെ പരോക്ഷമായ വിലവർധനവിനും ഇത് വഴിവെക്കും.

പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കണമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. തിങ്കളാഴ്ച പാർട്ടി സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായെന്നാണ് ഇന്ധനവില വർധനവ് തെളിയിക്കുന്നത്. എന്നാൽ ധനസ്ഥിതി മോശമാണെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഗ്യാരണ്ടികൾ കാരണം സർക്കാരിന് ഭരണം നടത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായ ഗ്യാരന്‍റി പദ്ധതികളിലൂടെ സംസ്ഥാനത്തിന്‍റെ ഖജനാവ് കാലിയാക്കിക്കൊണ്ടാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇന്ധന നികുതി ചുമത്തി ഖജനാവ് നിറയ്ക്കാൻ ശ്രമിക്കുന്നതെന്ന് കർണാടക നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോകൻ പറഞ്ഞു. സിദ്ധരാമയ്യ സർക്കാർ പ്രധാന അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്കായി 52,009 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇന്ധന നികുതിവർധനവിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിന് കന്നഡിഗരോട് ജനവിരുദ്ധ സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.