ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട് നിന്നുള്ള അഭിഭാഷകൻ സി. ആർ. ജയസുകിൻ ആണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയേറ്റ് നിയമ ലംഘനം നടത്തിയെന്നും മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നിർവഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
മേയ് 28 നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം. ചടങ്ങിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഇവർ ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. പാർലമെന്‍റിന്‍റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്ര പതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.