ന്യൂഡല്‍ഹി: ഹരിയാനയിൽ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട 5 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്രയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. 2 വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതായി അക്രമി സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പശുക്കളെ കടത്തിയവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇതുവഴി സുഹൃത്തുക്കൾക്കൊപ്പം ആര്യൻ മിശ്ര കാറിലെത്തിയത്. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഭയന്ന് വാഹനം നിർത്താതെ പോയി.
ഇവരെ 30 കിലോമീറ്റർ കാറിൽ പിന്തുടർന്ന അക്രമി സംഘം ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് കാറിനു നേർക്ക് വെടിവെപ്പ് നടത്തി. എന്നാൽ ആര്യന്‍റെ കഴുത്തിൽ വെടിയേൽക്കുകയായിരുന്നു. കാർ നിർത്തിയതിനു പിന്നാലെയും പ്രത്യാക്രമണം ഭയന്ന് പശു സംരക്ഷകർ വീണ്ടും വെടിയുതിർത്തു എന്നാണ് വിവരം. എന്നാൽ കാറിനുള്ളിൽ സ്ത്രീകളെ കണ്ടതോടെ തങ്ങൾക്കു ആളെമാറിപ്പോയെന്ന് അക്രമി സംഘം മനസിലാക്കിയതോടെ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു.
ആര്യനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു ദിവസത്തെ ചികിത്സയ്ക്കു ശേഷം മരണപ്പെടുകയായിരുന്നു. ആര്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 5 അക്രമികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ച തോക്കും അനധികൃതമാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.