ഹരിയാനയിലേത് വികസനത്തിന്‍റെ വിജയം; പ്രധാനമന്ത്രി

ഹരിയാനയിൽ ബിജെപിയുടെ ഹാട്രിക് വിജയം സദ്ഭരണത്തിനുള്ള സമ്മാനമാണ്
pm modi about haryana election
Narendra ModiFile
Updated on

ന്യൂഡൽഹി: നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ഹരിയാന ജനത വികസനത്തിന്‍റെ വിജയമുറപ്പാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനായത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഹരിയാനയിൽ ബിജെപിയുടെ ഹാട്രിക് വിജയം സദ്ഭരണത്തിനുള്ള സമ്മാനമാണ്. ബിജെപി ഏതു സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാലും ജനങ്ങൾ ദീർഘകാലത്തേക്ക് പിന്തുണയ്ക്കും. അവർ കോൺഗ്രസിന് പ്രവേശനം നിഷേധിച്ച് ബോർഡ് വയ്ക്കും. കോൺഗ്രസ് അധികാരത്തിലേക്ക് തിരികെയെത്തുന്നത് അത്യപൂർവമാണ്. അസമിൽ അവർക്കു ഭരണം നഷ്ടമായിട്ടു 13 വർഷമായി. ചില സംസ്ഥാനങ്ങളിൽ 60 വർഷമായി അവർ പുറത്താണ്. ഒരിക്കൽ കോൺഗ്രസ് പുറത്തായാൽ എന്നെന്നേക്കുമായി പുറത്താണ്. അധികാരം ജന്മാവകാശമാണെന്നാണ് അവർ കരുതുന്നത്. ഹരിയാനയിലെ ജനങ്ങൾ അദ്ഭുതം സൃഷ്ടിച്ചു. എല്ലായിടത്തും താമര വിരിഞ്ഞു. ഭഗവദ് ഗീതയുടെ നാട്ടിൽ വികസനവും സദ്ഭരണവും വിജയിച്ചു.

ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. പാർട്ടിയെ വിശ്വസിച്ച എല്ലാവർക്കും നന്ദി. പ്രവർത്തകരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. പ്രത്യേക പദവി പിൻവലിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പോളിങ് വർധിച്ചത് ജനങ്ങൾക്ക് കശ്മീരി ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ഓരോ വ്യക്തിയെയും അഭിനന്ദിക്കുന്നുവെന്നും മോദി.

Trending

No stories found.

Latest News

No stories found.