ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതു വെറും തട്ടിപ്പാണ്. കുബുദ്ധികളാണ് ഇതിനു പിന്നിൽ. ഇങ്ങനെ ചെയ്യുന്നവർ സമൂഹത്തിന്‍റെ ശത്രുക്കളെന്നും പ്രധാനമന്ത്രി. ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ പണം തട്ടുന്നത് പരക്കെ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണു മൻ കി ബാത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലുള്ള സംഭാഷണം പങ്കുവച്ചുകൊണ്ടാണു പ്രധാനമന്ത്രിയുടെ ബോധവത്കരണം. പൊലീസ്, സിബിഐആ, നർക്കോട്ടിക്സ്, റിസർവ് ബാങ്ക് തുടങ്ങി വിവിധ ലേബലുകളിൽ ഉദ്യോഗസ്ഥർ ചമഞ്ഞാണ് ഇവർ വിളിക്കുന്നത്. ആത്മവിശ്വാസത്തോടെയാകും ഇവരുടെ ഇടപെടൽ.
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ ആദ്യ നീക്കം. നിങ്ങൾ കഴിഞ്ഞമാസം ഗോവയിൽ പോയി, മകൾ ഡൽഹിയിൽ പഠിക്കുന്നു തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയർത്തി അവർ അമ്പരപ്പിക്കും. രണ്ടാമത് യൂണിഫോം, സർക്കാർ ഓഫിസിന്‍റെ സജ്ജീകരണം, നിയമവശങ്ങൾ തുടങ്ങിയവയിലൂടെ നിങ്ങളെ ഭയപ്പെടുത്തും. ഇപ്പോൾ നിങ്ങൾ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നിങ്ങളെ അറസ്റ്റ്ചെയ്യേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നതാണ് മൂന്നാമത്തെ ഘട്ടം.
ഡിജിറ്റൽ അറസ്റ്റിന്‍റെ ഇരകളിൽ എല്ലാ വിഭാഗത്തിലും പ്രായത്തിലുമുള്ള ആളുകളുണ്ട്. ഭയംമൂലം ജനങ്ങൾക്ക് തങ്ങളുടെ അധ്വാനത്തിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ടതില്ല. ഒരു അന്വേഷണ ഏജൻസിയും ഫോൺ കോളിലൂടെയോ വിഡിയൊകോളിലൂടെയോ ഇതുപോലെ അന്വേഷണം നടത്തുന്നില്ല- പ്രധാനമന്ത്രി പറഞ്ഞു.