ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും സിനിമ താരവുമായ പവൻ കല്യാൺ സാമുദായിക സ്പർധ വളർത്താൻ ശ്രമിക്കുകയാണെന്ന് നടൻ പ്രകാശ് രാജ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ലഡ്ഡു വിഷയം ഉന്നയിച്ചതു മുതൽ 'സനാതന ധർമ സംരക്ഷണം' ഉയർത്തിപ്പിടിച്ച് മുന്നിലുള്ള ആളാണ് പവൻ കല്യാൺ. 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ സ്വീകരിച്ച അദ്ദേഹം തിരുപ്പതി ക്ഷേത്രത്തിലെ ശുദ്ധി കർമങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ഈ വിഷയത്തിൽ തനിക്ക് അനുകൂലമല്ലാതെ പ്രതികരണം നടത്തിയ സിനിമ പ്രവർത്തകരെയൊക്കെ രൂക്ഷമായി വിമർശിക്കാനും പവൻ കല്യാൺ മടിച്ചിരുന്നില്ല. ലഡ്ഡു വിഷയത്തിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട്, അത് സെൻസിറ്റീവ് വിഷയമാണെന്നു പറഞ്ഞതിന് നടൻ കാർത്തിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കാർത്തിയുടെ ജ്യേഷ്ഠൻ സൂര്യയും പവൻ കല്യാണിന്‍റെ രോഷത്തിനു പാത്രമായി. ഇരുവരും പവൻ കല്യാണിനോട് മാപ്പ് പറഞ്ഞ് വിവാദം ഒഴിവാക്കുകയാണ് ചെയ്തത്.
എന്നാൽ, തുടക്കം മുതൽ പവൻ കല്യാണിനോട് നേർക്കുനേർ ഏറ്റുമുട്ടുകയാണ് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം മുഖമുദ്രയാക്കിയ പ്രകാശ് രാജ്. ലഡ്ഡു വിവാദത്തെക്കുറിച്ചുള്ള പവൻ കല്യാണിന്‍റെ ട്വീറ്റിനോടുള്ള പ്രതികരണമായി തന്നെയാണ്, ഇത് സാമുദായിക സ്പർധ വളർത്തുന്ന പ്രവൃത്തിയാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചത്.
''താങ്കൾ ഉപമുഖ്യമന്ത്രിയായിരിക്കുന്ന സ്ഥലത്തെ വിഷയമാണിത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തൂ. അതല്ലാതെ, സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്'' എന്നായിരുന്നു പ്രകാശ് രാജിന്‍റെ കമന്‍റ്.
എന്നാൽ, സനാതന ധർമത്തെക്കുറിച്ച് പറഞ്ഞാൽ താൻ സഹിക്കില്ലെന്ന മട്ടിൽ കമന്‍റുമായി പവൻ കല്യാൺ വീണ്ടും രംഗത്തെത്തി. സനാതന ധർമം സംരക്ഷിക്കപ്പെടണം. അതിനെതിരായ നീക്കങ്ങളുണ്ടായാൽ താൻ മിണ്ടാതിരിക്കണമെന്നാണോ പറയുന്നതെന്നാണ് പവൻ കല്യാണിന്‍റെ ചോദ്യം. സിനിമക്കാരും ഈ വിഷയം ഗൗരവമായി തന്നെ എടുക്കണമെന്നും, പ്രകാശ് രാജിനെ പാഠം പഠിപ്പിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.
എന്നാൽ, താൻ പറഞ്ഞതൊന്ന് പവൻ കല്യാൺ മനസിലാക്കിയത് മറ്റൊന്ന് എന്ന പ്രകാശ് രാജിന്‍റെ മറുപടിയും ഉടനെ എത്തി. ഷൂട്ടിങ് പൂർത്തിയാക്കി വിദേശത്തുനിന്നു തിരിച്ചെത്തിയ ശേഷം പവൻ കല്യാണിനു വിശദമായ മറുപടി നൽകാമെന്നും പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്.