വെള്ളെഴുത്തിന് തുള്ളിമരുന്ന്; ഒക്‌ടോബർ മുതൽ വിപണിയിൽ

കണ്ണട ഒഴിവാക്കാനുള്ള മരുന്നിന് ഇന്ത്യയിൽ അംഗീകാരം
presbyopia medicine
വെള്ളെഴുത്തിന് തുള്ളിമരുന്ന്; അടുത്ത മാസം മുതൽ വിപണിയിൽ
Updated on

മുംബൈ: വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കാനുള്ള തുള്ളിമരുന്ന് അടുത്ത മാസം മുതൽ ഔഷധ വിപണിയിൽ. ഇന്ത്യയിൽ ഇതാദ്യമാണ് ഇത്തരമൊരു മരുന്ന് വിതരണത്തിനെത്തുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ച "പ്രെസ് വു' എന്ന തുള്ളിമരുന്നിന് 350 രൂപയാണു വില. ഡോക്റ്ററുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ലഭിക്കൂ.

ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്‍റെ വിപണനത്തിന് വഴിതെളിഞ്ഞത്. സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി മരുന്ന് പരിശോധിച്ച് അംഗീകാരത്തിനു ശുപാർശ ചെയ്തിരുന്നു.

40 വയസിൽ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്. കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച് ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രെസ് വു ചെയ്യുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള എന്‍റോഡ് ഫാർമസ്യൂട്ടിക്കൽസിന്‍റെ സിഇഒ നിഖിൽ കെ. മസുർക്കർ പറഞ്ഞു. ഒരു തുള്ളി ഒഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതൽ 6 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാൽ കൂടുതൽ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു മസുർക്കർ.

40-55 പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് മരുന്നിന്‍റെ വിപണനം. മറ്റു രാജ്യങ്ങളിൽ സമാനമായ മരുന്നുണ്ടെങ്കിൽ ഇന്ത്യയിൽ ഇതാദ്യമെന്നു മസുർക്കർ പറഞ്ഞു. ഇന്ത്യൻ സാഹചര്യങ്ങളും ഇവിടത്തെ ശാരീരിക സവിശേഷതകളും കണക്കിലെടുത്താണ് മരുന്ന് വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 274 പേരിലാണു മരുന്ന് പരീക്ഷിച്ചത്. മെച്ചപ്പെട്ട ഫലമാണു കിട്ടിയതെന്നു കമ്പനി. ഇവരിൽ 80 ശതമാനത്തിനും പാർശ്വഫലങ്ങളുണ്ടായില്ല. മറ്റുള്ളവർക്ക് ചെറിയ തോതിലുള്ള അസ്വാസ്ഥ്യങ്ങളും കണ്ണിനു ചുവപ്പും അനുഭവപ്പെട്ടു. തിലർക്ക് കാഴ്ചയിൽ മങ്ങലും തലവേദനയുമുണ്ടായി. എന്നാൽ, ഇവയെല്ലാം താത്കാലികമായിരുന്നു. മരുന്നുമായി പരിചയിച്ചതോടെ ഈ പ്രശ്നങ്ങൾ അവസാനിച്ചു. ഒരാൾ പോലും പരീക്ഷണം പാതിവഴിയിൽ നിർത്തിയില്ലെന്നു കമ്പനി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.