വിവാദ നായിക പൂജ ഖേദ്കറെ സിവിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

അർഹതയില്ലാതെ ഒബിസി സംവരണവും അംഗവൈകല്യ സംവരണവും നേടിയാണ് പൂജ സർവീസിൽ കയറിയതെന്നു വ്യക്തമായ സാഹചര്യത്തിലാണ് നടപടി
Pooja Khedkar
പൂജ ഖേദ്കർfile
Updated on

ന്യൂഡൽഹി: മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് ട്രെയ്നി പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ അടിയന്തര പ്രാബല്യത്തോടെ സിവിൽ സർവീസിൽനിന്ന് പിരിച്ചുവിട്ടു. അർഹതയില്ലാതെ ഒബിസി സംവരണവും അംഗവൈകല്യ സംവരണവും നേടിയാണ് പൂജ സർവീസിൽ കയറിയതെന്നു വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

പ്രൊബേഷനിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇന്ത്യൻ അഡ്മിനിസ്ര്ടേറ്റിവ് സർവീസിൽനിന്നു പിരിച്ചുവിടാനുള്ള 1954ലെ ഐഎഎസ് (പ്രൊബേഷൻ) റൂൾസ് പ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 31നു തന്നെ യുപിഎസ്‌സി പൂജയ്ക്കെതിരേ നടപടി ആരംഭിക്കുകയും, ഭാവി യുപിഎസ്‌സി പരീക്ഷകളിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

മഹാരാഷ്‌ട്രയിൽ പ്രൊബേഷനറി ഐഎഎസ് ഓഫീസറായി ജോലി ചെയ്യുമ്പോൾ തന്നെ അനർഹമായ ആനുകൂല്യങ്ങൾക്കു ശ്രമിച്ച് പൂജ വിവാദം വിളിച്ചുവരുത്തിയിരുന്നു. നിയമവിരുദ്ധമായി സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് വച്ചതായും, രാഷ്‌ട്രീയ നേതാവായ അച്ഛന്‍റെ സ്വാധീനം ഉപയോഗിച്ച് ഓഫിസിൽ അധിക സൗകര്യങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു.

ഇതിനിടെ, പൂജയുടെ അച്ഛൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലം അനുസരിച്ചു തന്നെ പൂജ ഒബിസി വിഭാഗത്തിലെ ക്രീമിലെയർ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും അതിനാൽ സംവരണത്തിന് അർഹതയില്ലെന്നും വ്യക്തമായിരുന്നു.

ഇതുകൂടാതെ, സംവരണം നേടാൻ പൂജ അവകാശപ്പെട്ട വൈകല്യങ്ങൾ സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്കു വിളിച്ചിട്ട് ഹാജരാകുകയും ചെയ്തില്ല. തനിക്ക് കാഴ്ച വൈകല്യമുണ്ടെന്നാണ് മുപ്പത്തിനാലുകാരി അവകാശപ്പെട്ടിരുന്നത്.

പിന്നീട്, പൂജയുടെ അമ്മ സ്ഥലമിടപാട് തർക്കത്തിൽ ഒരു കൂട്ടം കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

Trending

No stories found.

Latest News

No stories found.