പറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ ക്ഷേത്ര പൂജാരിയെ വെടിവച്ചുകൊന്നശേഷം മൃതദേഹം വികൃതമാക്കി. ദനപുരിൽ ശിവക്ഷേത്രത്തിലെ പൂജാരിയായ മനോജ് കുമാറാണ് (32) കൊല്ലപ്പെട്ടത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്ത നിലയിലാണു മൃതദേഹം. സംഭവത്തെത്തുടർന്നു പ്രദേശത്ത് വൻ സംഘർഷം തുടരുകയാണ്. നാട്ടുകാരും പൊലീസും പലതവണ ഏറ്റുമുട്ടി. ബിജെപിയുടെ മുൻ ഡിവിഷനൽ പ്രസിഡന്റ് അശോക് കുമാറിന്റെ സഹോദരനാണു കൊല്ലപ്പെട്ട മനോജ് കുമാർ.
തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിലേക്കു പോയ മനോജിനെ പിന്നീട് കാണാതാകുകയായിരുന്നു. പുലർച്ചെ രണ്ടരയ്ക്ക് മനോജ് ക്ഷേത്രത്തിൽ നിന്നു പുറത്തേക്കു നടക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ തടിച്ചുകൂടിയ നാട്ടുകാർ പൊലീസിനെതിരേ തിരിഞ്ഞു. രണ്ടു പൊലീസ് വാഹനങ്ങൾ തകർത്തു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്കു വെടിയുതിർത്തു. പൊലീസിനെ ആക്രമിച്ചതിന് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ അനാസ്ഥയാണ് മനോജിന്റെ കൊലയ്ക്കു വഴിയൊരുക്കിയതെന്നു നാട്ടുകാർ ആരോപിച്ചു. ബിഹാറിൽ വീണ്ടും കാട്ടുഭരണം തിരിച്ചെത്തിയെന്നു ബിജെപി കുറ്റപ്പെടുത്തി. അതേസമയം, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഗോപാൽഗഞ്ച് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ പ്രഞ്ജൽ പറഞ്ഞു.