rg kar medical college principal
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാളിനെതിരേ പുതിയ വെളിപ്പെടുത്തൽ

'അജ്ഞാത മൃതദേഹങ്ങൾ വിറ്റ് കാശാക്കി, നിരവധി വിദ്യാർഥികളുടെ ജീവിതം താറുമാറാക്കി'

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാളിനെതിരേ പുതിയ വെളിപ്പെടുത്തൽ
Published on

കൊൽക്കത്ത: വനിതാ ഡോക്റ്റർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളെജിലെ മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷിനെതിരേ പുതിയ വെളിപ്പെടുത്തൽ. ആശുപത്രിയിൽ എത്തിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ ഇയാൾ വിറ്റിരുന്നുവെന്നാണ് ആരോപണം. വനിതാ ഡോക്റ്റർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഘോഷ് കോളെജിൽ നിന്ന് രാജി വച്ചത്. കൊലപാതകക്കേസിൽ സിബിഐ ഇയാളുടെ നുണ പരിശോധനയ്ക്കൊരുങ്ങുകയാണിപ്പോൾ. അതിനിടെയാണ് കോളെജിലെ മുൻ ജീവനക്കാരനായ അക്തർ അലി പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

അയാളൊരു ഡോക്റ്റർ അല്ല, ഒരു കുറ്റവാളിയാണ്. അയാൾ നിരവധി വിദ്യാർഥികളുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. അയാൾ ഒരു മാഫിയാതലവനാണ്. പലപ്പോഴും വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അജ്ഞാത മൃതദേഹങ്ങൾ വിറ്റ് പണം നൽകാറുണ്ട്. മരണ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും നശിപ്പിച്ചതിനു ശേഷമാണ് ഇയാൾ മൃതദേഹം വിൽക്കാറുള്ളത്. അതു കൊണ്ടു തന്നെ ആരും അതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അക്തർ അലി പറയുന്നു.

ഇതിനു മുൻപും ഘോഷിന്‍റെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മിഷന് പരാതി നൽകിയിരുന്നെന്നും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും യാതൊരു വിധ നടപടികളും ഉണ്ടായില്ല. പകരം തന്നെ അവിടെ നിന്ന് സ്ഥലം മാറ്റിയെന്നു അക്തർ അലി പറയുന്നു.

വനിതാ ഡോക്റ്ററുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് രാജ്യം മുഴുവൻ പ്രതിഷേധം ശക്തമായതോടെ ഘോഷ് ആശുപത്രിയിൽ നിന്ന് രാജി വച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അയാളെ കൽക്കട്ട മെഡിക്കൽ കോളെജിൽ പ്രിൻസിപ്പാളായി നിയമിച്ചു. കോടതി ഇടപെടലിനെ തുടർന്ന് അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ഘോഷ്. വനിതാ ഡോക്റ്ററുടെ മരണം ഒരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇതു വരെയും ഘോഷ് ശ്രമിച്ചതെന്നും അക്തൽ അലി ആരോപിക്കുന്നു.