ന്യൂഡൽഹി: അരുണാചൽപ്രദേശ് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഗൗരവമേറിയ വിഷയമാണ്. ലഡാക്കിലെ ഒറിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ചൈനയ്ക്കെതിരെ കർശന നിലാപാടു വേണമെന്നും ശശി തരൂരും പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശ്, അക്സായ് ചിൻ, തായവാൻ, തർക്കം നിലനിന്നിരുന്ന ചൈനാക്കടൽ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് ചൈന പ്രസിദ്ധീകരിച്ചത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവ്വേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവത്കരണ പബ്ലിസിറ്റി വാരത്തിന്‍റെയും ആഘോഷവേളയിലാണ് ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതെന്നാണ് ചൈന ഡെയ്ലി പത്രം റിപ്പോർട്ട് ചെയ്തത്.