ന്യൂഡൽഹി: ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരേ വിമർശനവുമായി രാഹുൽ ഗാന്ധി. നേതാക്കൾ അവരവരുടെ താത്പര്യങ്ങൾക്കാണ് ആദ്യ പരിഗണന നൽകിയതെന്നും പാർട്ടി താത്പര്യം രണ്ടാമത് മാത്രമാണ് പരിഗണിച്ചതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഒന്നര മണിക്കൂറോളമായിരുന്നു യോഗം. ആകെയുള്ള 90 സീറ്റുകളിൽ 74 സീറ്റുകളിലും ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാർക്ക് സ്ഥാനാർഥിത്വം നൽകിയത് തിരിച്ചടിയായെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച സ്ഥാനാർഥികളെ കേൾക്കാനാണ് നിലവിലെ തീരുമാനം.