ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള അംഗമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. വയനാട്ടിൽ നിന്നുള്ള രാഹുലിന്‍റെ രാജി അംഗീകരിച്ചതായി പതിനെട്ടാം ലോക്സഭയുടെ ആദ്യ ദിനമായ തിങ്കളാഴ്ച പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ് അറിയിച്ചിരുന്നു.
മൈക്കിനു മുൻപിലെത്തിയപ്പോൾ സഭാംഗങ്ങൾക്കു നേരേ ഭരണഘടന ഉയർത്തിപ്പിടിച്ചശേഷമായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. രാഹുൽ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ "ഭാരത് ജോഡോ', "ഇന്ത്യ' എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. 'ജയ് ഹിന്ദ്, ജയ് സംവിധാൻ' എന്ന് പറഞ്ഞാണ് രാഹുൽ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും സത്യപ്രതിജ്ഞയ്ക്കു മുൻപ് ഭരണഘടന ഉയർത്തിക്കാട്ടി. ഡിംപിൾ യാദവ്, ഹേമമാലിനി, കനിമൊഴി, നാരായൺ റാണെ, സുപ്രിയ സുലെ തുടങ്ങിയവരും ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം സുപ്രിയ സുലെ, പ്രോടേം സ്പീക്കർ മഹ്തബിന്‍റെയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും കാൽ തൊട്ടു വന്ദിച്ചു. തിങ്കളാഴ്ച 262 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച അവശേഷിച്ചവർ സത്യപ്രതിജ്ഞ ചെയ്തു.