ബാലസോർ: ഒഡീശയിലെ ട്രെയിൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെ വികാരാധീനനായി മന്ത്രി.
പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു. വിതുമ്പിക്കൊണ്ടാണ് മറുപടി പറഞ്ഞത്. ഉത്തരവാദിത്വങ്ങൾ അവസാനിച്ചിട്ടില്ലെന്നും, ഇനിയും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ ആരുടേതൊക്കെയെന്നു കണ്ടെത്തി ബന്ധുക്കൾക്കു കൈമാറുന്നതോടെ മാത്രമേ ഉത്തരവാദിത്വം അവസാനിക്കൂ എന്നായിരുന്നു മറുപടി.
അപകടം നടന്ന ട്രാക്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് ശ്രമം. ഇതിനകം മൂന്നു ട്രെയ്നുകൾ ഇതുവഴി ഓടിക്കാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.