കൊച്ചി: താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി നോണ്‍ എസി ദീര്‍ഘദൂര ട്രെയ്നുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ. മികച്ച കോച്ചുകള്‍, ഓട്ടൊമാറ്റിക് ഡോറുകള്‍, മികച്ച ഭക്ഷണം എന്നിവ നല്‍കാനാണ് പദ്ധതി. വിമാനക്കമ്പനികളെ പോലെ "കൂടുതല്‍ സൗകര്യങ്ങള്‍, കുറഞ്ഞ നിരക്കില്‍' എന്നതായിരിക്കും റെയ്ല്‍വേ ലക്ഷ്യമിടുന്നത്.
പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പതിവ് നോണ്‍ എസി ദീര്‍ഘദൂര ട്രെയ്നുകള്‍ ആരംഭിക്കാനാണ് പദ്ധതി. താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പ്ലാന്‍.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ട്രെയ്ന്‍ സര്‍വീസ് ആരംഭിക്കാനാണ് റെയ്ല്‍വേയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 20,000 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ ഇന്ത്യന്‍ റെയ്ല്‍വേ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലൂടെ കൂടുതല്‍ ട്രെയ്നുകള്‍ ഓടിക്കാനുള്ള ശേഷി റെയ്ല്‍വേ ഗണ്യമായി വര്‍ധിപ്പിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ട്രെയ്ന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നതായി റെയ്ല്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എല്ലാ കോച്ചുകളിലും "പ്ലഗ് ഡോറുകള്‍' സജ്ജീകരിക്കും, അതായത് വാതില്‍ പൂര്‍ണമായും സുരക്ഷിതമായി അടച്ചിട്ടില്ലെങ്കില്‍ ട്രെയ്നുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി അപകടങ്ങള്‍ തടയും. മാത്രമല്ല, ഈ സുരക്ഷിത സംവിധാനം അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടൊമാറ്റിക്കായി വാതില്‍ തുറക്കും.
ഇതിനു പുറമേ, ജനറല്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ ഭക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. പ്ലാറ്റ്ഫോമുകളില്‍ കോച്ചുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സര്‍വീസ് കൗണ്ടറുകള്‍ വഴി യാത്രക്കാര്‍ക്ക് 20 രൂപ വിലയുള്ള "ഇക്കോണമി മീല്‍സും' 50 രൂപയ്ക്ക് "സ്നാക്ക് മീല്‍സും' ലഭിക്കും. "ഇക്കണോമി മീല്‍' എന്നതില്‍ ഏഴ് പൂരികള്‍ ഉരുളകിഴങ്ങ് കറി, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്നു. സ്നാക്ക് മീല്സില് പാവ്-ഭാജി, മസാല ദോശ എന്നിവയുമുണ്ടാകും.
ഇന്ത്യന്‍ റെയ്ല്‍വേയുടെ ഈ സുപ്രധാന സംരംഭങ്ങള്‍ താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നവയാണ്.