ന്യൂഡൽഹി: രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നതോടെ അയോധ്യയിൽ പ്രതിവർഷം അഞ്ചുകോടിയിലേറെ സന്ദർശകരെത്തുമെന്നു വിനോദസഞ്ചാര മേഖലയുടെ വിലയിരുത്തൽ. തീർഥാടന ടൂറിസത്തിൽ മുന്നിലുള്ള സുവർണ ക്ഷേത്രത്തിലും തിരുപ്പതി ക്ഷേത്രത്തിലും ദർശനത്തിനെത്തുന്നതിലും അധികം ആളുകൾ അയോധ്യയിലേക്ക് എത്തിയേക്കും. ടൂറിസം സർക്യട്ടിൽ ഉത്തർപ്രദേശ് കേന്ദ്ര സ്ഥാനത്തെത്തുമെന്നും നിഗമനം.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് അയോധ്യയിൽ വൻ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പുതിയ വിമാനത്താവളവും നവീകരിച്ച റെയ്ൽവേ സ്റ്റേഷനും അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി ഹോട്ടലുകൾ ഉയർന്നു. നഗരത്തിനു സമീപം പുതിയ ഹോട്ടലുകൾ ഇപ്പോഴും നിർമാണത്തിലുണ്ട്. റോഡ് വികസനവും തുടരുകയാണ്.
രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്നത് അമൃത്സറിലെ സുവർണ ക്ഷേത്രത്തിലാണ്. മൂന്നു മുതൽ മൂന്നര കോടി വരെ ആളുകളാണ് ഇവിടെ ഒരു വർഷം സന്ദർശനം നടത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള തിരുപ്പതി ക്ഷേത്രത്തിൽ മൂന്നു കോടിയോളം പേർ ദർശനത്തിനെത്തുന്നു. ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ 90 ലക്ഷം സഞ്ചാരികളാണ് എത്തുന്നത്. മുസ്ലിം തീർഥാടന കേന്ദ്രമായ സൗദി അറേബ്യയിലെ മെക്കയിൽ രണ്ടു കോടി സഞ്ചാരികളെത്തുന്നു. അയോധ്യ ഇവയെയെല്ലാം മറികടക്കുമെന്നാണു കണക്കുകൂട്ടൽ. തീർഥാടന ടൂറിസം ഏറെ പ്രധാനമായ ഇന്ത്യയിൽ അടിസ്ഥാനസൗകര്യ രംഗത്തെ പരിമിതികൾക്കിടയിലും പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒരു കോടി മുതൽ മൂന്നു കോടി വരെ ആളുകളെത്തുന്നുണ്ട്.
ഒന്നാംഘട്ടം പൂർത്തിയായ അയോധ്യയിലെ വിമാനത്താവളത്തിന് വർഷം 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ അടുത്തഘട്ടം വികസനം പൂർത്തിയാകുന്നതോടെ ഇത് 60 ലക്ഷമായി ഉയരും. റെയ്ൽവേ സ്റ്റേഷന് നിലവിൽ പ്രതിദിനം 60000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
നഗരത്തിലും സമീപത്തുമായി നിലവിൽ 17 ഹോട്ടലുകളാണുള്ളത്. 590 മുറികളാണ് ഇവയിലുള്ളത്. 73 പുതിയ ഹോട്ടലുകൾക്ക് അനുമതി ലഭിച്ചു. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം തുടങ്ങി