രത്തൻ ടാറ്റ അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്‍റെ കാരണവരാണ് എൺപത്തിയാറാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്
Ratan Tata
രത്തൻ ടാറ്റ
Updated on

മുംബൈ: ടാറ്റാ ഗ്രൂപ്പിന്‍റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്‍റെ കാരണവരാണ് എൺപത്തിയാറാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

തിങ്കളാഴ്ച അദ്ദേഹം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതൽ ആരോഗ്യ നിലയെക്കുറിച്ച് പല തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, വാർധക്യസഹജമായ പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും, സാധാരണ പരിശോധനകൾക്കു മാത്രമായാണ് ആശുപത്രിയിൽ പോയതെന്നും അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി വൈകി മരണ വാർത്ത ടാറ്റാ ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്.

രക്തസമ്മർദം അസാധാരണമായി കുറഞ്ഞതിനെത്തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു (ICU) മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ടാറ്റാ സൺസ് ചെയർമാനായി രത്തൻ ടാറ്റ ചുമതലയേൽക്കുന്നത് 1991ലാണ്. അദ്ദേഹത്തിന്‍റെ മുതുമുത്തച്ഛൻ ഒരു നൂറ്റാണ്ടിലേറെ മുൻപ് സ്ഥാപിച്ച വ്യവസായ സാമ്രാജ്യത്തിന്‍റെ ചുക്കാൻ അന്നുമുതൽ 2012ൽ സ്വയം വിരമിക്കുന്നതു വരെ രത്തൻ ടാറ്റയുടെ കൈകളിലായിരുന്നു.

രത്തൻ ടാറ്റയുടെ കാലത്ത്, 1996ലാണ് ടാറ്റാ ടെലിസർവീസസ് ആരംഭിക്കുന്നത്. ടെലികമ്യൂണിക്കേഷൻസ് രംഗത്തേക്കുള്ള ഗ്രൂപ്പിന്‍റെ ആദ്യത്തെ ചുവടുവയ്പ്പായിരുന്നു ഇത്. 2004ൽ തുടക്കം കുറിച്ച ടാറ്റാ കൺസൾട്ടൻസി സർവീസസ് ഐടി രംഗത്ത് ഗ്രൂപ്പിന്‍റെ സാന്നിധ്യം കൂടുതൽ സജീവമാക്കി. പല വമ്പൻ വിദേശ കമ്പനികളെയും ഏറ്റെടുത്തുകൊണ്ട്, ഇന്ത്യൻ വ്യവസായ ലോകത്തിന്‍റെ വളർച്ച പ്രതിഫലിപ്പിക്കാനും അദ്ദേഹത്തിന്‍റെ കാലഘട്ടത്തിൽ ടാറ്റാ ഗ്രൂപ്പിനു സാധിച്ചു.

Trending

No stories found.

Latest News

No stories found.