#സ്വന്തം ലേഖകൻ
മുംബൈ: രാജ്യത്ത് മോദി തരംഗം അവസാനിച്ചു കഴിഞ്ഞെന്നും, ഇനി കേന്ദ്ര സർക്കാരിനെതിരായ തരംഗത്തിന്‍റെ കാലമാണെന്നും ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മുംബൈയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് ഇനിയങ്ങോട്ട് സാധ്യതകൾ കുറവാണ്. 136 സീറ്റ് നേടി കോൺഗ്രസ് നേടിയ വൻ വിജയ ബിജെപിയെ പല രീതിയിലും തളർത്തിയെന്നും അദ്ദേഹം വിലയിരുത്തി.
"ജനങ്ങൾക്ക് ഏകാധിപത്യത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന് കർണാടക തെളിയിച്ചു. കോൺഗ്രസ് വിജയിച്ചു, അതായത് ബജ്‌റംഗ് ബലി കോൺഗ്രസിനൊപ്പമാണെന്നു തെളിഞ്ഞു. ബിജെപി തോറ്റാൽ കലാപമുണ്ടാകുമെന്നു പോലും പറഞ്ഞു പരത്തി. കർണാടക ശാന്തവും സന്തുഷ്ടവുമാണിപ്പോൾ. ചിലരുടെ മോഹം മാത്രമാണ് കലാപം". അദ്ദേഹം പറഞ്ഞു.
"വെറും പൊള്ളയായ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ തയാറെടുപ്പ് ആരംഭിച്ചു, ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യും'', റാവത്ത് കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ തന്നെ ഒരുങ്ങുകയാണെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ ശരദ് പവാറിനെ ചെയർമാനായി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.