ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ പരിശോധിച്ച പാർലമെന്‍ററി സമിതി. വിവാഹം വിശുദ്ധമാണെന്നും അതു സംരക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണു സുപ്രധാന ശുപാർശ. അതേസമയം, വിവാഹേതര ബന്ധ നിയമം പരിഷ്കരിക്കുമ്പോൾ ലിംഗ തുല്യത വേണമെന്നും സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഉത്തരവാദികളാക്കണമെന്നും സമിതി നിർദേശിച്ചു.
വിവാഹേതരബന്ധം കുറ്റകൃത്യമായി കാണാനാവില്ലെന്നു 2018ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. പാർലമെന്‍ററി സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഇതു വീണ്ടും കുറ്റകൃത്യമായി മാറും.
കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം ബിഎൻഎസ് ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചത്. ക്രിമിനൽ നടപടിച്ചട്ടത്തിനും തെളിവുനിയമത്തിനും പകരമുള്ള ബില്ലുകളും ഇതോടൊപ്പം അവതരിപ്പിച്ചിരുന്നു.
തുടർന്ന് മൂന്നു ബില്ലുകളും ബിജെപി എംപി ബ്രിജ് ലാൽ അധ്യക്ഷനായ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ടു. ഈ സമിതിയാണ് വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കാൻ ശുപാർശ ചെയ്യുന്നത്.