ന്യൂഡൽഹി: കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന പരാതി തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണ്. സംഭവത്തിൽ ജില്ലാ കലക്റ്റർ വ്യക്തത നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സീനിയർ ഡപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ നിതേഷ് കുമാർ വ്യാസ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനായി വ്യാസ് കോടതിയിൽ ഉണ്ടായിരുന്നു.
കാസർഗോഡ് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ വോട്ടിങ് യന്ത്രം ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാർഥിക്ക് രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനോട് കോടതി നിർദേശിച്ചിരുന്നു.
മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ നാലു വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്‍റുമാർ പരാതി ഉന്നയിച്ചിരുന്നു. വിവിപാറ്റ് രസീറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ മോക്പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
കാസർഗോഡ് മണ്ഡലത്തിൽഎൽഡിഎഫിനു വേണ്ടി എം.വി. ബാലകൃഷ്ണൻ, യുഡിഎഫിനു വേണ്ടി സിറ്റിങ് എംപിയായ രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് മത്സരിക്കുന്നത്. ഇവരുടെ ഏജന്‍റുമാരാണ് ജില്ലാ കലക്റ്റർ കെ. ഇൻബാശേഖറിന് പരാതി നൽകിയിരിക്കുന്നത്.
മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളാണ് പരിശോധിച്ചത്. 20 മെഷീനുകൾ ഒരു സമയം ഫലം പുറത്തു വിട്ടു. നാലു മെഷീനുകളിൽ ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നിട്ടും വോട്ടു ലഭിച്ചതായാണ് യന്ത്രം രേഖപ്പെടുത്തിയിരുന്നത്. ഈ യന്ത്രങ്ങൾ മാറ്റണമെന്ന് ഏജന്‍റുമാർ ആവശ്യപ്പെട്ടു.