കോൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനു കീഴിലുള്ള ആർ.ജി. കർ മെഡിക്കൽ കോളെജിൽ പിജി ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ, ആശുപത്രിയിലെ സാമ്പത്തിക തിരിമറികളെക്കുറിച്ചും അന്വേഷണം. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ഡ്യൂട്ടിക്കിടയൊണ് ഡോക്‌ടർ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ തിരിമറികളെക്കുറിച്ച് ഡോക്‌ടർ മനസിലാക്കിയ കാര്യങ്ങൾ പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇതു പരിശോധിക്കാൻ പ്രത്യേകം സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
പൊലീസ് അക്കാഡമി ഐജി ഡോ. പ്രണവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
ഡോക്‌ടറുടെ കൊലപാതകത്തെത്തുടർന്ന് രാജ്യത്താകമാനം ആരോഗ്യ പ്രവർത്തകർ പ്രക്ഷോഭം തുടരുകയാണ്.