ന്യൂഡൽഹി: സിയാച്ചിനിൽ വീരമൃത്യു വരിച്ച ആർമി ഡോക്റ്റർ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിനു മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര അദ്ദേഹത്തിന്‍റെ ഭാര്യ സ്മൃതി ഏറ്റുവാങ്ങിയത് ഏതാനും ദിവസം മുൻപാണ്. എന്നാൽ, ഇപ്പോൾ സ്മൃതിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അൻഷുമാൻ സിങ്ങിന്‍റെ മാതാപിതാക്കൾ.
''ഞങ്ങളുടെ മകന്‍റെ മാലയിട്ട ഫോട്ടോ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ വീടിന്‍റെ ചുവരിലുള്ളത്. ആ ഫോട്ടോയിൽ കീർത്തി ചക്ര കൂടി ചാർത്താൻ ഞങ്ങൾക്കു സാധിച്ചിട്ടില്ല. കാരണം, അവന്‍റെ ഭാര്യ അത് എടുത്തുകൊണ്ടുപോയി'', ക്യാപ്റ്റൻ സിങ്ങിന്‍റെ അച്ഛൻ രവി പ്രതാപ് സിങ് പറഞ്ഞു.
സൈന്യത്തിന്‍റെ ചട്ടം അനുസരിച്ച്, മരണാനന്തര ബഹുമതി ഏറ്റവും അടുത്ത ബന്ധുക്കൾക്കാണ് കൈമാറുക. ഇതിനുള്ള മാനദണ്ഡം ശരിയല്ലെന്നും അതിൽ മാറ്റം വരുത്തണമെന്നുമാണ് രവി പ്രതാപ് സിങ് പറയുന്നത്.
''ഈ ചട്ടം ശരിയല്ല. ഞാൻ ഇതെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചിരുന്നു. അൻഷുമാന്‍റെ ഭാര്യ ഞങ്ങളുടെ കൂടെയല്ല താമസിക്കുന്നത്. അവരുടെ വിവാഹജീവിതം അഞ്ച് മാസം മാത്രമായിരുന്നു. അവർക്കു കുട്ടികളുമില്ല'', രവി പ്രതാപ് വാദിക്കുന്നു.
2023 ജൂലൈയിൽ മറ്റു സൈനികരെ തീപിടിത്തത്തിൽനിന്നു രക്ഷിക്കാനുള്ള ശ്രമിത്തിനിടെയാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിക്കുന്നത്. ഇതെത്തുടർന്നാണ് യുദ്ധേതര കാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ കീർത്തിചക്രയ്ക്ക് അദ്ദേഹം അർഹനാകുന്നത്.
അവിവാഹിതർ സൈന്യത്തിൽ പ്രവേശിക്കുമ്പോൾ മാതാപിതാക്കളെയാണ് ഏറ്റവും അടുത്ത ബന്ധുക്കളായി കണക്കാക്കുന്നത്. വിവാഹം കഴിയുമ്പോൾ ജീവിതപങ്കാളിക്കാണ് ആ സ്ഥാനം നൽകും. കീർത്തിമുദ്രകൾ മാത്രമല്ല, സേവനത്തിൽ മരിച്ചാലുള്ള നഷ്ടപരിഹാരവും ഈ സ്ഥാനത്തുള്ള ബന്ധുവിനാണ് നൽകുക. അൻഷുമാന്‍റെ മാതാപിതാക്കളുടെ വാദത്തെക്കുറിച്ച് സ്മൃതി പ്രതികരിച്ചിട്ടില്ല.