ന്യൂഡൽഹി: പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ മൂന്നു ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സാക്ഷിക്കൊലക്കേസിലെ പ്രതി സാഹിലി (20)നെയാണ് മൂന്നുദിവസം കൂടി കസ്റ്റഡിയിൽ വിട്ടുനൽകിയത്.
പ്രതി നിരന്തരം മൊഴിമാറ്റി പറയുന്നതിനാലും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താൻ സാധിക്കാത്തതിനാലും പ്രതിയെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതി കസ്റ്റഡി കാലവധി നീട്ടിയത്.
അതേസമയം പ്രതി ലഹരിമരുന്നിനടിമയാണെന്ന് റിപ്പോർട്ട്. കൃത്യം നടത്തുന്നതിനു മുമ്പും മണിക്കൂറുകളോളം പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തി. മാത്രമല്ല ബൈക്ക് ഓടിക്കുന്നതിൽ കമ്പമുണ്ടായിരുന്ന സഹിൽ ബൈക്ക് ഓടിക്കുന്നതിനു മുമ്പ് മദ്യപിക്കാറുണ്ടെന്ന് സുഹൃത്ത് പൊലീസിൽ മൊഴി നൽകി.
ഞായറാഴ്ച രാത്രിയാണ് ഡൽഹി ഞെട്ടിച്ച് അതിക്രൂരമായ കൊല നടന്നത്. സുഹൃത്തിന്‍റെ വീട്ടിൽ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ സാക്ഷിയെ തടഞ്ഞുനിർത്തി യുവാവ് ആക്രമിക്കുകയായിരുന്നു. ഭിത്തിയിൽ ചേർത്തുനിർത്തി നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചു. അവശയായി നിലത്തുവീണ പെൺകുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഇതിനു ശേഷവും കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയതിനുശേഷമാണ് പ്രതി സംഭവസ്ഥലത്തുനിന്ന് മടങ്ങിയത്.
ആക്രമണസമയത്ത് ഒട്ടേറെപേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പ്രതിടെ തടയാൻ കൂട്ടാക്കിയില്ല. 25 മിനിറ്റോളം വഴികിടന്ന പെൺക്കുട്ടിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിൻതുടർന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.