വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകരണത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ബഹുമാനിക്കപ്പെടേണ്ട ആളാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. നിലവിൽ യുഎസ് സന്ദർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംഘാംഗങ്ങളിലൊരാളാണ് ഇദ്ദേഹം. നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പരാമർശം.
നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയിലെ ബിജെപി സർക്കാരിനെയും അവരുടെ ചില നയങ്ങളെയുമാണു കോൺഗ്രസ് എതിർക്കുന്നത്. യുക്രെയ്ൻ, ചൈന വിഷയങ്ങളിൽ ഇന്ത്യയുടെ വിദേശ നയ നിലപാടിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനായി നരേന്ദ്ര മോദി ജൂൺ 22നാണ് യുഎസ് പാർലമെന്‍റിലെത്തുക. വിദേശത്തുനിന്നുള്ള പ്രമുഖർക്കു വാഷിങ്ടൻ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്.