ന്യൂഡൽഹി: മഞ്ഞളും മല്ലിയും തുടങ്ങി പല പേരിലുള്ള പൊടികൾ അടുക്കളയിലെ കുപ്പികളിൽ കാണും. പക്ഷേ, ഇതിൽ പലതും ശരിക്കും എന്താണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പതിനഞ്ച് ടൺ മസാലപ്പൊടികളാണ് ഡൽഹി പൊലീസ് രണ്ടു ഫാക്റ്ററികളിൽനിന്നായി പിടിച്ചെടുത്തിരിക്കുന്നത്. മസാലപ്പൊടികളിൽ മായം കലർത്തുന്നതിനെതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണിത്. മൂന്നു പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഡൽഹിയിലെ കരാവൽ നഗർ മേഖലയിൽ നടത്തിയ പരിശോധനയിൽ, മഞ്ഞൾപ്പൊടി, ഗരം മസാല, പച്ചമാങ്ങയുടെ പൊടി, മല്ലിപ്പൊടി എന്നീ ലേബലുകളിൽ വിൽക്കാൻ വച്ചിരുന്ന, മായം കലർന്ന 7,105 കിലോഗ്രാം പൊടിയാണ് പിടിച്ചെടുത്തത്.
പൊടികളുടെ നിർമാണത്തിന് അസംസ്കൃത വസ്തുക്കളായി സൂക്ഷിച്ചിരുന്ന അറക്കപ്പൊടി, ചോക്ക് പൊടി, ചുവന്ന മുളകിന്‍റെ ഞെട്ട്, രാസ നിറങ്ങൾ, ചീഞ്ഞ അരി, ചീഞ്ഞ റാഗി, അഴുകിയ നാളികേരം, മല്ലി വിത്ത്, നിലവാരം കുറഞ്ഞ മഞ്ഞൾ, യൂക്കാലി ഇലകൾ, അഴുകിയ പഴങ്ങൾ, സിട്രിക് ആസിഡ് തുടങ്ങിയവ ഉൾപ്പെടെ മറ്റൊരു 7215 കിലോഗ്രാം കൂടി പിടിയിലായിട്ടുണ്ട്.
രണ്ടു പ്രോസസിങ് യൂണിറ്റുകളുടെ ഉടമകളായ ദിലീപ് സിങ്, സർഫറാസ്, ഖുർഷിദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. യഥാർഥ ബ്രാൻഡുകളുടെ വ്യാജ പായ്ക്കറ്റുകളിൽ അവയുടെ അതേ വിലയ്ക്കാണ് ഇവ വിപണിയിൽ വിറ്റിരുന്നത്.