ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യം നൽകിയെന്ന കേസിൽ യോഗ 'ഗുരു' ബാബാ രാംദേവിനു വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. ഇതു കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു.
നിയമവിരുദ്ധമായ പരസ്യം നൽകയതിനു രാംദേവ് നേരത്തെ കോടതിയിൽ നടത്തിയ മാപ്പപേക്ഷ കോടതി നിരാകരിച്ചിരുന്നു. ഇതെത്തുടർന്ന് തിങ്കളാഴ്ച ചില ദിനപത്രങ്ങളിൽ മാപ്പപേക്ഷ പരസ്യരൂപത്തിലും നൽകിയിരുന്നു. ഇക്കാര്യം രാംദേവിന്‍റെ അഭിഭാഷകൻ മുകുൾ രോഹത്ഗി കോടതിയെ അറിയിപ്പോഴാണ് വീണ്ടും വിമർശനം ഉയർന്നത്.
ഉത്പന്നങ്ങളുടെ പരസ്യം നൽകിയ അതേ വലുപ്പത്തിൽ തന്നെ മാപ്പപേക്ഷയും നൽകണമെന്നായിരുന്നു ആദ്യ നിർദേശം. പരസ്യം നൽകാൻ ഇത്ര വൈകിയതെന്തെന്ന ചോദ്യവും പിന്നീട് ഉയർന്നു.
കോവിഡ്-19 ഭേദമാക്കുമെന്ന അവകാശവാദവുമായി കൊറോനിൽ എന്ന മരുന്നിന്‍റേതടക്കം പരസ്യങ്ങൾ ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുർവേദ് നേരത്തെ നൽകിയിട്ടുണ്ട്. അദ്ഭുതശേഷിയുള്ള ഉത്പന്നങ്ങൾ എന്ന രീതിയിൽ മരുന്നുകളുടെ പരസ്യം നൽകുന്നതു നിരോധിക്കുന്ന ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് (പ്രൊഹിബിഷൻ ആക്റ്റ്) ചട്ടം 170 കേന്ദ്ര സർക്കാർ റദ്ദാക്കിയതു മുതലെടുത്തായിരുന്നു ഈ പരസ്യം. ഈ ചട്ടം കേന്ദ്ര സർക്കാർ റദ്ദാക്കിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
2018ലാണ് ചട്ടം 170 ഈ നിയമത്തിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയുഷ് മന്ത്രാലയം ഇത് ഒഴിവാക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ആയുർവേദ, സിദ്ധ, യുനാനി മരുന്നുകൾക്കാണ് ഈ ചട്ടം പ്രധാനമായും ബാധകമാകുക.
കുട്ടികളെയും മുതിർന്ന പൗരൻമാരെയുമെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പതഞ്ജലിയുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോഴത്തെ കേസ് എങ്കിലും, സമാനമായ മറ്റു കമ്പനികളുടെ കാര്യത്തിലും കർക്കശ നടപടി ആവശ്യമാണെന്ന് കോടതി നിർദേശിച്ചു.
അലോപ്പതി മേഖലയിലെ മരുന്നുകളും പതഞ്ജലിയിലെ ഡോക്റ്റർമാർ നിർദേശിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് പതഞ്ജലിക്ക് നിരോധനം ഏർപ്പെടുത്താൻ പാടില്ല എന്നും കോടതി ചോദിച്ചു.