കടയുടമകൾ പേരെഴുതി പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവ് കോടതി തടഞ്ഞു

കടയുടമകൾ പേരെഴുതി പ്രദർശിപ്പിക്കണമെന്നു നിർബന്ധിക്കാൻ പൊലീസിന് അവകാശമില്ല
Kanwar Yatra
കാംവർ യാത്രFile
Updated on

ലഖ്നൗ: കാംവർ യാത്ര നടക്കുന്ന മേഖലയിലെ കടയുടമകളെല്ലാം സ്വന്തം പേരെഴുതി കടയ്ക്കു പുറത്ത് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാരിന്‍റെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കടയുടമകൾ പേരെഴുതി പ്രദർശിപ്പിക്കണമെന്നു നിർബന്ധിക്കാൻ പൊലീസിന് അവകാശമില്ലെന്നും, കടയിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര അടക്കമുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എൻ. ഭട്ടും ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിഷയത്തിൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യ പ്രദേശ്, ഡൽഹി സർക്കാരുകൾ പ്രതികരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കടയുടമകളുടെ പേരെഴുതി വയ്ക്കണമെന്ന നിർദേശം ഭരണഘടന അനുശാസിക്കുന്ന മതേതരത്വ ആശയത്തിന്‍റെ ലംഘനമാണെന്നാണ് ഉത്തർ പ്രദേശ് സർക്കാരിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മതത്തിന്‍റെ പേരിലുള്ള വിവേചനമാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നു വിവിധ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

ശിവഭക്തർ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കു നടത്തുന്ന വാർഷിക തീർഥാടനമാണ് കാംവർ (Kanwar) യാത്ര.

Trending

No stories found.

Latest News

No stories found.