അമൃത്സർ : അന്വേഷണം ഒരു മാസത്തിനോടടുക്കുമ്പോഴും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് ഇപ്പോഴും കാണാമറയത്ത്. മാർച്ച് പകുതിയോടെയാണ് പഞ്ചാബ് പൊലീസ് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നത്. എന്നാൽ നാളിതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്നു കരുതപ്പെടുന്ന അഭിഭാഷകനുൾപ്പടെ മൂന്നു പേരെ പൊലീസ് ഇന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമൃത്പാൽ രാജസ്ഥാൻ വഴി പാകിസ്ഥാനിലേക്കു കടന്നേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അഞ്ച് ജില്ലകളിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണു സുരക്ഷയൊരുക്കിയിരിക്കുന്നത്. അമൃത്പാലിനെക്കുറിച്ചു വിവരം നൽകുന്നവർക്കു പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററും പലയിടങ്ങളിലും പതിച്ചിട്ടുണ്ട്.
ഒളിവിൽ പോയതിനു ശേഷം അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. സിഖ് ആരാധനാലയത്തിൽ അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് സുവർണക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും കനത്ത കാവൽ ഏർപ്പെടുത്തി. പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചാണു അമൃത്പാൽ സിങ് കടന്നു കളഞ്ഞത്. പലയിടങ്ങളിലും പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പ് കടന്നു കളയുകയായിരുന്നു. അമൃത്പാലിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ഈ ഖാലിസ്ഥാൻ നേതാവിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായില്ല.