ഹിൻഡൻബെർഗിന്‍റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ: റിപ്പോര്‍ട്ട് തള്ളി സെബി

'ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്.'
sebi rejects hindenburg report
Madhabi Puri Buch
Updated on

ന്യൂഡൽഹി: ഹിൻഡൻബെർഗിന്‍റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് സെബി മേധാവി മാധവി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. ഹിൻഡൻബെർഗിന് സെബി കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് ഇപ്പോഴത്തെ ആരോപണത്തിനു കാരണം. അവർ സ്വഭാവഹത്യയ്ക്കു ശ്രമിക്കുകയാണ്.

ഹിൻഡൻബെർഗ് ആരോപിക്കുന്ന നിക്ഷേപം മാധവി സെബിയുടെ മുഴുവൻ സമയ അംഗമാകുന്നതിനു രണ്ടു വർഷം മുൻപുള്ളതാണ്. മാധവി 2017ൽ സെബിയിൽ അംഗമായതോടെ ഈ കമ്പനികൾ നിഷ്ക്രിയമായി. 2019 മുതൽ താൻ ബ്ലാക് സ്റ്റോൺ എന്ന സ്ഥാപനത്തിന്‍റെ ഉപദേഷ്ടാവാണെങ്കിലും ഇതിന്‍റെ റിയൽ എസ്റ്റേറ്റ് വിഭാഗവുമായി ബന്ധമില്ലെന്നു ധവാൽ ബുച്ച് പറഞ്ഞു.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) മേധാവി മാധവി പുരി ബച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് യുഎസ് ഷോർട്ട് സെല്ലിങ് സ്ഥാപനം ഹിൻഡൻബെർഗ് റിസർച്ച് ആരോപിച്ചത്. ഇന്ത്യയ്ക്കെതിരേ വലിയൊരു വെളിപ്പെടുത്തലുണ്ടാകുമെന്ന അവകാശവാദമുയർത്തിയതിനു പിന്നാലെയാണു സെബി മേധാവിക്കെതിരായ റിപ്പോർട്ടുമായി ഹിൻഡൻബെർഗ് രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി ക്രമക്കേട് കാണിച്ചെന്ന ആരോപണത്തിൽ സെബി നടപടിയെടുക്കാൻ തയാറാകാത്തത് മാധവിക്ക് നിക്ഷേപമുള്ളതിനാലാണെന്നും ഹിൻഡൻ ബെർഗ് ആരോപിച്ചു.

എന്നാൽ, ആരോപണം അദാനി ഗ്രൂപ്പും മാധവി പുരിയും ഭർത്താവ് ധവാൽ ബുച്ചും തള്ളി. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണ റിപ്പോർട്ട് ഉപയോഗിച്ച് ഹിൻഡൻബെർഗ് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നു കണ്ടെത്തിയ സെബി, ഈ അന്വേഷണ റിപ്പോർട്ട് യുഎസിലെ വിപണി നിയന്ത്രണ സ്ഥാപനമായ എസ്ഇസിക്കു കൈമാറിയിരുന്നു. ഇതിനു മറുപടിയായാണു സെബി മേധാവിക്കെതിരേ ഹിൻഡൻബെർഗിന്‍റെ നീക്കം.

ബെർമുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളിൽ മാധവിക്കും ഭർത്താവിനും 8.72 ലക്ഷം ഡോളർ നിക്ഷേപമുണ്ടെന്നാണു ഹിൻഡൻബെർഗിന്‍റെ ആരോപണം. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഉയർത്താൻ ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനി ഇതേ കമ്പനികളെയാണ് ഉപയോഗിച്ചതെന്നും യുഎസ് സ്ഥാപനം പറയുന്നു. വിദേശത്തെ കടലാസ് കമ്പനികൾ ഉപയോഗിച്ച് സ്വന്തം ഓഹരികൾ വാങ്ങി അദാനി ഗ്രൂപ്പ് ഓഹരിമൂല്യം കൃത്രിമമായി ഉയർത്തിയെന്നായിരുന്നു 18 മാസം മുൻപ് ഹിൻഡൻബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചത്. വിവാദവുമായി ബന്ധപ്പെട്ട 13 വിദേശ കമ്പനികളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രൂപീകരിച്ച സമിതിയെ സെബി അറിയിച്ചിരുന്നു. എന്നാൽ, ഹിൻഡൻബെർഗ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന രണ്ടു കമ്പനികളും ഇതിൽ ഉൾപ്പെടുമോ എന്നു വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസും "ഇന്ത്യ' സഖ്യവും രംഗത്തെത്തി.

Trending

No stories found.

Latest News

No stories found.