ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ

ഗൗതം അദാനി സ്വന്തം വസതിയിൽ വിരുന്നിന് ആതിഥ്യം വഹിച്ചെങ്കിലും രാഷ്ട്രീയ ചർച്ചയിൽ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നും ശരദ് പവാർ
Sharad Pawar, Gautam Adani, Ajit Pawar
ശരദ് പവാർ, ഗൗതം അദാനി, അജിത് പവാർ
Updated on

മുംബൈ: 2019ൽ ബിജെപിയും അവിഭക്ത എൻസിപിയും തമ്മിലുള്ള സഖ്യ ചർച്ച സംഘടിപ്പിച്ചതും ആതിഥ്യം വഹിച്ചതും പ്രമുഖ വ്യവസായ ഗൗതം അദാനി തന്നെയായിരുന്നു എന്ന് മുതിർന്ന നേതാവ് ശരദ് പവാർ സമ്മതിച്ചു. അതേസമയം, ചർച്ചകളിൽ അദാനി നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പവാർ പറഞ്ഞു.

ബിജെപി - എൻസിപി രാഷ്ട്രീയ ചർച്ചയിൽ അദാനിയും ഭാഗമായിരുന്നു എന്ന അജിത് പവാറിന്‍റെ പ്രസ്താവന പുറത്തുവന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ശരദ് പവാറിന്‍റെ വിശദീകരണം. ന്യൂഡൽഹിയിലെ അദാനിയുടെ വസതിയിലായിരുന്നു ചർച്ചയെന്നും പവാർ പറഞ്ഞു.

അദാനി വിരുന്നിന് ആതിഥ്യം വഹിച്ചെങ്കിലും രാഷ്ട്രീയ ചർച്ചയിൽ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നും ശരദ് പവാർ ആവർത്തിച്ചു. താനും അദാനിയും അമിത് ഷായും അജിത് പവാറുമാണ് അവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം സമ്മതിച്ചു.

ഈ ചർച്ചയ്ക്കു പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും അധികാരമേൽക്കുന്നത്. എന്നാൽ, വെറും എൺപത് മണിക്കൂറായിരുന്നു ഈ സർക്കാരിന്‍റെ ആയുസ്.

അതേസമയം, ചർച്ചയിൽ ശരദ് പവാർ പറഞ്ഞവരെ കൂടാതെ ഫഡ്നാവിസും പ്രഫുൽ പട്ടേലും കൂടി പങ്കെടുത്തിരുന്നു എന്നാണ് അജിത് പവാറിന്‍റെ ഭാഷ്യം.

അഞ്ച് ചർച്ചകൾ ഇത്തരത്തിൽ സംഘടിപ്പിച്ചിരുന്നു എന്നും അജിത് പവാർ വെളിപ്പെടുത്തിയിരുന്നു.

ഈ ചർച്ചയ്ക്കു ശേഷവും ശരദ് പവാർ എന്തുകൊണ്ടാണ് ബിജെപിക്കൊപ്പം നിൽക്കാതിരുന്നത് എന്ന ചോദ്യത്തിനു അജിത് പവാർ മറുപടി പറഞ്ഞിരുന്നു. ശരദ് പവാറിന്‍റെ ഭാര്യ പ്രതിഭയ്ക്കു പോലും അദ്ദേഹത്തിന്‍റെ മനസ് വായിക്കാൻ കഴിയില്ലെന്നായിരുന്നു അജിത് പവാറിന്‍റെ മറുപടി.

Trending

No stories found.

Latest News

No stories found.