ഡൽഹി : ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് ഡൽഹി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രേഖ ഗുപ്തയെ പരാജയപ്പെടുത്തിയാണ് ഷെല്ലി മേയർ പദവിയിൽ എത്തുന്നത്. ഷെല്ലി ഒബ്റോയ് 150 വോട്ടും രേഖ ഗുപ്ത 116 വോട്ടു നേടി.
ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപികയായിരുന്ന ഷെല്ലി ഒബ്റോയ് ഇന്ത്യൻ കൊമേഴ്സ് അസോസിയേഷനിലെ അംഗം കൂടിയാണ്. നിരവധി കോൺഫറസുകളിൽ പങ്കെടുത്ത് പുരസ്കാരങ്ങളും ഈ മുപ്പത്തൊമ്പതുകാരി നേടിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഡൽഹി കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടന്നത്.ആം ആദ്മി പാർട്ടിയും ലഫ്. ഗവർണറും തമ്മിലുള്ള ഭിന്നതയെ തുടർന്ന് തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടു. 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു വിജ്ഞാപനം ഇറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചതോടെയാണു മേയർ തെരഞ്ഞെടുപ്പിനു സാഹചര്യമൊരുങ്ങിയത്. തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തെരഞ്ഞെടുപ്പ് തീയതി നിർദ്ദേശിക്കുകയും, ലഫ്. ഗവർണർ അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മുതൽ സ്പെഷ്യൽ ഓഫീസർ അശ്വനി കുമാറാണു മേയറുടെ ചുമതല വഹിച്ചിരുന്നത്.