ന്യൂഡൽഹി: നേതാക്കളും പ്രവർത്തകരും അനുഗമിച്ച വിലാപയാത്രയ്ക്കൊടുവിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി. വസന്ത് കുഞ്ജിലെ വസതിയിലും ഡൽഹിയിലെ സിപിഎം ആസ്ഥാനത്തും പൊതുദർശനത്തിനു വച്ച ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് എയിംസിന് കൈമാറി.
മൃതദേഹം പഠനാവശ്യത്തിനു കൈമാറണമെന്ന യെച്ചൂരിയുടെ അന്ത്യാഭിലാഷ കുടുംബാംഗങ്ങളും പാർട്ടി നേതൃത്വവും ചേർന്ന് നിറവേറ്റുകയായിരുന്നു. നേരത്തേ, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുടെ മൃതദേഹങ്ങളും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറിയിരുന്നു.
ശനിയാഴ്ച രാവിലെ 10ന് എകെജി ഭവനിലെത്തിച്ച ഭൗതിക ശരീരം അവസാനമായി കാണാൻ നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തുന്നതിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. രാഷ്‌ട്രീയത്തിനപ്പുറം സൗഹൃദങ്ങളും ബന്ധവും സൂക്ഷിച്ച നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ ജയ്റാം രമേഷ്, രമേശ് ചെന്നിത്തല, രാജീവ് ശുക്ല, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, ആർജെഡി എംപി മനോജ് ഝാ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ, സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. കേരളത്തിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവരും മന്ത്രിമാരും മുതിർന്ന സിപിഎം നേതാക്കളും യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു.