ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ സംഘർഷാവസ്ഥ നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവ മൂലം പൊറുതിമുട്ടിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തിങ്കളാഴ്ച ഉന്നതതല ചർച്ച നടത്തിയേക്കും. സംസ്ഥാന സർക്കാരും പ്രക്ഷോഭകാരികളും തമ്മിലുള്ള ചർച്ചകൾ വഴി മുട്ടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്.
ജമ്മു കശ്മീർ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് (ജെഎഎസി) പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ. വൈദ്യുതി ചാർജ് കുറയ്ക്കുക, ഗോതമ്പു പൊടി അടക്കമുള്ള അവശ്യ വസ്തുക്കൾ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്. ശനിയാഴ്ച പ്രതിഷേധക്കാർ മജിസ്ട്രേറ്റിന്‍റെ കാർ അടക്കം നിരവധി വാഹനങ്ങൾ തല്ലിത്തകർത്തിരുന്നു.
പ്രദേശത്തെ വിപണികളും കച്ചവടസ്ഥാപനങ്ങളും ഓഫിസുകളും സ്കൂളുകളും ഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പ്രദേശ്ത്ത് മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.