ന്യൂഡൽഹി: കർഷക സമരത്തിൽ അണിചേരുമെന്ന് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. ഫെബ്രുവരി 26ന് ദേശീയതലത്തിൽ ട്രാക്ടർ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും മാർച്ച് 14ന് ഡൽഹിയിലെ രാംലീല മൈതാനത്ത് അഖിലേന്ത്യാ അഖില കിസാൻ മസ്ദൂർ മഹാ പഞ്ചായത്ത് വിളിച്ചു കൂട്ടുമെന്നും അവർ പ്രഖ്യാപിച്ചു.
യുവ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും ആഭ്യന്തര മന്ത്രി അനിൽ വിജിനും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു. സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് ഒരുകോടി രൂപ സഹായധനവും പ്രഖ്യാപിച്ചു.
അതേസമയം, കർഷക സമരവുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്കൊരുങ്ങുകയാണ് ഹരിയാന പൊലീസ്. കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനാണ് നീക്കം. പൊതുമുതൽ നശിപ്പിച്ചതിൽ കർഷക നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പ്രതിഷേധക്കാർ സമാധാനന്തരീക്ഷം തകർക്കുന്നുവെന്ന് പൊലീസ് ആരോപിച്ചു. കർഷക നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും പൊലീസ് പ്രതികരിച്ചു.