ജയ്പുർ: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ബുധനാഴ്ച രാവിലെ ജയ്പുരിലെത്തി സോണിയ നാമനിർദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ അനുഗമിച്ചിരുന്നു. ജയ്പുർ വിമാനത്താവളത്തിലെത്തിയ സോണിയയെ മുതിർന്ന നേതാവ് അശോക് ഗേലോട്ട് നേരിട്ടെത്തി സ്വീകരിച്ചു.
77കാരിയായ സോണിയ ഇതാദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയ മത്സരിക്കില്ലെന്ന കാര്യവും ഉറപ്പായി. പരമ്പരാഗത സീറ്റായ റായ് ബറേലിയിൽ നിന്ന് ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്ന വിവരം എക്സിലൂടെ അശോക് ഗേലോട്ട് സ്ഥിരീകരിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നായി 56 അംഗങ്ങളാണ് ഏപ്രിലിൽ കാലാവധി തികയ്ക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പു നടക്കുന്നത്. വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.