സ്വന്തം ലേഖിക
ഇരുപത്തഞ്ച് വർഷം നീണ്ട സംഭവബഹുലമായ ലോക്സഭാംഗത്വത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചത്. രാജസ്ഥാനിൽ നിന്നാണ് ഇത്തവണ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാഷ്‌ട്രീയ ജീവിതത്തിനിടെ ഇതാദ്യമായാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. ശാരീരികാസ്വാസ്ഥ്യം മൂലമാണ് സോണിയ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് കോൺഗ്രസിന്‍റെ വിശദീകരണം. സോണിയ സ്ഥിരമായി വിജയം കൊയ്യാറുള്ള റായ് ബറേലിയിൽ നിന്ന് ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നലെ പ്രതിസന്ധിയിലായ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി 1999ലാണ് അപ്രതീക്ഷിതമായി സോണിയ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ നിർബന്ധിച്ച് രാഷ്‌ട്രീയത്തിലിറക്കുന്നത്. ആദ്യ തവണ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും കർണാടകയിലെ ബെല്ലാരിയിൽ നിന്നും സോണിയ മത്സരിച്ചു. രണ്ടിടങ്ങളിലും വിജയം സോണിയയ്ക്കൊപ്പമായിരുന്നു. അന്നു മുതൽ ഇതു വരെ കോൺഗ്രസിന്‍റെ വളർച്ചയിലും തളർച്ചയിലും പങ്കു പറ്റി സോണിയ ലോക്സഭയിൽ നിറഞ്ഞു നിന്നു. സാധാരണയായി ശാന്തമായി സംസാരിക്കുന്ന സോണിയ പലപ്പോഴും ലോക്സഭയിൽ ബിജെപിക്കെതിരേ രൂക്ഷമായി സംസാരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലം മുതൽ സോണിയയുടെ ഇറ്റാലിയൻ പാരമ്പര്യത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉടലെടുത്തിരുന്നു.
ലോക്സഭയിലേക്കുള്ള തന്‍റെ ആദ്യ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ സ്വന്തം മണ്ഡലമായിരുന്ന അമേഠിയിലാണ് സോണിയ മത്സരിച്ചതെങ്കിലും 2004ൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാമെന്ന് പാർട്ടി തീരുമാനിച്ചു. പകരം ഉത്തർപ്രദേശിലെ തന്നെ കോൺഗ്രസിന്‍റെ മറ്റൊരു ശക്തി കേന്ദ്രമായ റായ് ബറേലിയിലെ സ്ഥാനാർഥിയായി സോണിയ എത്തി. ഇന്ദിര ഗാന്ധിയും ഭർത്താവ് ഫിറോസ് ഗാന്ധിയുമെല്ലാം ജയിച്ചു കയറിയ പരമ്പരാഗത കോൺഗ്രസ് മണ്ഡലം തന്നെയായിരുന്നു റായ് ബറേലിയും. ഇന്ദിരയെ തോൽപ്പിച്ച ചരിത്രവും റായ് ബറേലിക്കുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയതോടെ അമേഠി കോൺഗ്രസിനു നഷ്ടപ്പെട്ടിട്ടും റായ് ബറേലിയിൽ സോണിയ സുരക്ഷിതയായിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് സോണിയ മുൻപേ വ്യക്തമാക്കിയിരുന്നു. ബിജെപി പ്രഭാവം ശക്തമായതോടെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ച് വിജയം ഉറപ്പാക്കിയതിനു സമാനമായി സോണിയയും തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, രാജസ്ഥാനിൽ സോണിയയെ സ്ഥാനാർഥിയാക്കിയതോടെ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കോൺഗ്രസ് തുടച്ചു നീക്കപ്പെടുന്നില്ലെന്ന് ഒരിക്കൽക്കൂടി സ്ഥാപിക്കാൻ ശ്രമിക്കുകയാണ് പാർട്ടി. മധ്യപ്രദേശിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാനും സോണിയയ്ക്കു ക്ഷണമുണ്ടായിരുന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആറു വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനിൽ നിന്നുള്ള ആ ഒഴിവിലേക്ക് സോണിയയെ പാർട്ടി നിർദേശിച്ചിരിക്കുന്നത്. സീറ്റിൽ വിജയം സുനിശ്ചിതമാണ്. ഗാന്ധി കുടുംബത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന രണ്ടാമത്തെ മാത്രം നേതാവാണ് സോണിയ ഗാന്ധി. ഇതിനു മുൻപ് 1964 ഫെബ്രുവരിയിൽ ഇന്ദിര ഗാന്ധിയും രാജ്യസഭാംഗമായിരുന്നു. അതിനു ശേഷമാണ് ഇന്ദിര റായ് ബറേലിയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
2019ലെ തെരഞ്ഞെടുപ്പിൽ റായ് ബറേലിയിൽ നിന്ന് 1,23,043 വോട്ടുകളാണ് സോണിയാ ഗാന്ധിക്ക് ലഭിച്ചിരുന്നത്. പ്രധാന എതിരാളിയായിരുന്ന ബിജെപിയുടെ സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിന് ലഭിച്ചത് വെറും 61,637 വോട്ടുകളും.