ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നു കോൺഗ്രസ്. ചടങ്ങിൽ സോണിയ പങ്കെടുത്തേക്കുമെന്നു റിപ്പോർട്ടുകളോട് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്നു വ്യക്തമാക്കി.
ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ ഉന്നതതല പ്രതിനിധികൾ സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും നേരിട്ട് ക്ഷണിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, സോണിയ പോകുന്നതിന് എന്താണു തടസമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ചോദിച്ചു. സോണിയ ക്ഷണം സ്വീകരിച്ചു. അവർക്ക് ഇക്കാര്യത്തിൽ "പോസിറ്റിവ് ' സമീപനമാണ്. സോണിയയ്ക്ക് പോകാനായില്ലെങ്കിൽ പ്രതിനിധിയെ അയയ്ക്കുമെന്നും ദിഗ്‌വിജയ്. നേരത്തേ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.