നായബ് നായകനാകുമോ..?

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
nayab singh saini
നായബ് സിങ് സൈനി
Updated on

പ്രത്യേക ലേഖകൻ

ചണ്ഡിഗഡ്: ഹരിയാനയിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടത് ഉയർത്തെഴുന്നേൽക്കുന്ന കോൺഗ്രസിനെ. 2019ൽ പൊതുതെരഞ്ഞെടുപ്പിലും പിന്നീടും നിലനിന്ന ബിജെപി തരംഗത്തിന് ഇപ്പോൾ അന്നത്തെ തീവ്രതയില്ല. ഇക്കാര്യം മുൻകൂട്ടി തിരിച്ചറിഞ്ഞതിനാലാണ് കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയുള്ള പരീക്ഷണത്തിനു ബിജെപി മുതിർന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.

ഖട്ടർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്ര മന്ത്രിയായി. ഖട്ടറുടെ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ സൈനിക്കു വിജയിക്കാനും കഴിഞ്ഞു. ഇതേ സൈനി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി.

2014ലാണു ഹരിയാനയുടെ ചരിത്രത്തിലാദ്യമായി ബിജെപി തനിച്ച് അധികാരത്തിലെത്തിയത്. ആർഎസ്എസ് നേതൃത്വത്തിനും നരേന്ദ്ര മോദി- അമിത് ഷാ ടീമിനും ഏറെ താത്പര്യമുള്ള ഖട്ടർ അന്നു മുഖ്യമന്ത്രിയായി. 2019ൽ തനിച്ച് കേവല ഭൂരിപക്ഷമുറപ്പാക്കാൻ ബിജെപിക്കായില്ലെങ്കിലും ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) പിന്തുണച്ചതോടെ ഭരണം നിലനിർത്താനായി. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ഇരുപാർട്ടികളുടെയും നാലര വർഷത്തെ സഖ്യത്തിന് അന്ത്യമായി. ഒക്റ്റോബർ ഒന്നിനാണ് ഇത്തവണ വോട്ടെടുപ്പ്. ഒക്റ്റോബർ നാലിനു വോട്ടെണ്ണൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തു ലോക്സഭാ സീറ്റുകളിൽ അഞ്ചും നേടിയ കോൺഗ്രസാണ് ഇത്തവണയും ബിജെപിയുടെ പ്രധാന വെല്ലുവിളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 90 നിയമസഭാ മണ്ഡലങ്ങളിൽ 46ലും കോൺഗ്രസിനായിരുന്നു മേൽക്കൈ.

എന്നാൽ, ജെജെപിയും ഇന്ത്യൻ നാഷണൽ ലോക്ദളും ആം ആദ്മി പാർട്ടിയും തനിച്ചു മത്സരിക്കുന്നത് തെരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നുണ്ട്. സൗജന്യ വൈദ്യുതി, ചികിത്സ, വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിൽ, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ തുടങ്ങി ഡൽഹിയിലും പഞ്ചാബിലും പരീക്ഷിച്ചു വിജയിച്ച ജനപ്രിയ വാഗ്ദാനങ്ങളുമായാണ് എഎപിയുടെ കടന്നുവരവ്. എന്നാൽ, കോൺഗ്രസും ബിജെപിയും തമ്മിലാണു പ്രധാന പോരാട്ടമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നു. മറ്റുള്ളവരെല്ലാം വോട്ട് ചോർത്തുന്നവരെന്നും ഹൂഡ.

ബഹുകോണ മത്സരത്തിൽ ഭരണവിരുദ്ധ വോട്ടുകൾ ചിതറിപ്പോകുമെന്നതിലാണു ബിജെപിയുടെ പ്രതീക്ഷ. മുഖ്യമന്ത്രി സൈനിയുടെയും മുൻഗാമി ഖട്ടറിന്‍റെയും പ്രതിച്ഛായയിലും സുതാര്യ ഭരണകൂടത്തിലുമാണ് ബിജെപി ആശ്രയിക്കുന്നത്. പത്തുവർഷത്തെ ഭരണമുണ്ടാക്കിയ മടുപ്പ് ജനങ്ങളിലുണ്ടെങ്കിലും കാര്യമായ അഴിമതിയാരോപണങ്ങൾ നേരിട്ടിട്ടില്ല ഖട്ടറും സൈനിയും.

എന്നാൽ, കർഷക സമരവും സൈന്യത്തിലെ അഗ്നിവീർ പദ്ധതിക്കെതിരായ പ്രതിഷേധവും സംസ്ഥാനത്ത് ബിജെപിക്കു വെല്ലുവിളിയാണ്. പുതുതായി പത്തെണ്ണം കൂടി ഉൾപ്പെടുത്തി 24 വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചതും ജലസേചനത്തിന്‍റെ പേരിലുള്ള വെള്ളക്കരം കുടിശിക എഴുതിത്തള്ളിയതും കർഷകരെ തണുപ്പിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി സൈനി അടുത്തിടെ നടത്തിയ നീക്കങ്ങളാണ്. കരാർ തൊഴിലാളികൾക്ക് പ്രായപരിധി പൂർത്തിയാക്കുന്നതുവരെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനവും നിർണായകമാകുമെന്നു കരുതുന്നു. 1.2 ലക്ഷം ജീവനക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമ്പോൾ അത്രയും കുടുംബങ്ങളുടെ പിന്തുണയും ലഭിക്കമെന്നാണു ബിജെപിയുടെ പ്രതീക്ഷ. അഗ്നിവീറുകൾക്ക് സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ സേനാ വിഭാഗങ്ങളിൽ 10 ശതമാനം തൊഴിൽ സംവരണം പ്രഖ്യാപിച്ചതും പൊതുജന രോഷം തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ്.

എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങളിൽ ആത്മാർഥതയില്ലെന്നു കോൺഗ്രസ് തിരിച്ചടിക്കുന്നു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത് നിയമസഭയിലും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 6000 രൂപ ക്ഷേമ പെൻഷൻ, എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് 500 രൂപ നിരക്കിൽ എൽപിജി സിലിണ്ടർ തുടങ്ങിയവയാണു കോൺഗ്രസിന്‍റെ വാഗ്ദാനം.

എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ പാർട്ടിക്കുളളിൽ രൂക്ഷമായ ഗ്രൂപ്പ് പോര് വലയ്ക്കുന്നുണ്ട് കോൺഗ്രസിനെ. കഴിഞ്ഞ ദിവസം ഹൂഡയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്നു മുതിർന്ന നേതാക്കളായ കുമാരി ഷെൽജയും രൺദീപ് സുർജേവാലയും വിട്ടുനിന്നിരുന്നു. പാനിപ്പത്തിൽ നിന്നു സുർജേവാല കഴിഞ്ഞ ദിവസം തുടങ്ങിയ പരിവർത്തൻ റാലി, ഹൂഡയ്ക്കെതിരായ നീക്കത്തിന്‍റെ കൂടി ഭാഗമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്ന ജെജെപിക്കും ഐഎൻഎൽഡിക്കും സംസ്ഥാന രാഷ്‌ട്രീയത്തിൽ അസ്തിത്വം തെളിയിക്കാനുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ഐഎൻഎൽഡിക്ക് നിലവിൽ ഒരു എംഎൽഎ മാത്രമാണുള്ളത്. 2005ൽ ഭരണത്തിൽ നിന്നു പുറത്തായശേഷം പാർട്ടിയുടെ ഗ്രാഫ് ഓരോ തവണയും താഴേക്കാണ്. 90 അംഗ സഭയിൽ നിലവിൽ 10 അംഗങ്ങളുണ്ട് ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക്.

Trending

No stories found.

Latest News

No stories found.